nidha

ആലപ്പുഴ : നാഗ്പൂരിൽ ഇന്നലെ ആരംഭിച്ച ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ അമ്പലപ്പുഴ സ്വദേശിയായ പത്തു വയസുകാരി ഛർദ്ദിയെ തുടർന്ന് മരിച്ചു. അമ്പലപ്പുഴ കാക്കാഴം സുഹ്‌റ മൻസിലിൽ ഷിഹാബുദ്ദീൻ അബൂബക്കർ - അൻസില ദമ്പതികളുടെ മകളുമായ നിദ ഫാത്തിമയാണ് (10) മരിച്ചത്.

കടുത്ത ഛർദ്ദിയെ തുടർന്ന് ഇന്നലെ രാവിലെ നാഗ്പൂരിലെ ആശുപത്രിയിലെത്തിച്ച നിദ ഫാത്തിമയ്ക്ക് കുത്തിവയ്പ് എടുത്തതിനെത്തുടർന്ന് നില വഷളായി. തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിദയടക്കമുള്ള കേരള താരങ്ങൾ കോടതി ഉത്തരവിലൂടെയാണ് മത്സരത്തിനെത്തിയത്. ഇവർക്ക് താമസം, ഭക്ഷണ സൗകര്യം ദേശീയ ഫെഡറേഷൻ നൽകിയിരുന്നില്ല. രണ്ട് ദിവസം മുമ്പ് നാഗ്പൂരിലെത്തിയ ടീം താത്കാലിക സൗകര്യങ്ങളിലാണ് കഴിഞ്ഞിരുന്നത്. മത്സരിക്കാൻ മാത്രമാണ് കോടതി ഉത്തരവെന്നും മറ്റ് സൗകര്യങ്ങൾ നൽകില്ലെന്നുമായിരുന്നു ഫെഡറേഷന്റെ നിലപാട്.

നീർക്കുന്നം എസ്.ഡി.വി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് നിദ. ഈ മാസം ആദ്യം നടന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയതോടെയാണ് ദേശീയ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയത്. കൊവിഡ് കാലത്ത് അമ്പലപ്പുഴ മോഡൽ സ്‌കൂൾ മൈതാനത്ത് പരിശീലകൻ ജിതിൻ രാജിന്റെ ശിക്ഷണത്തിലാണ് നിദ സൈക്കിൾ പോളോ പരിശീലനം ആരംഭിച്ചത്. പഠനത്തിൽ മിടുക്കിയായ നിദ ശാസ്ത്രമേളകളിലും സജീവ സാന്നിദ്ധ്യമായിരുന്നെന്ന് അദ്ധ്യാപകർ പറഞ്ഞു. സ്വന്തമായി നിദാസ് വേൾഡ് എന്ന പേരിൽ യുട്യൂബ് ചാനലും നടത്തിയിരുന്നു. കഴിഞ്ഞ എട്ടിന് തൊടുപുഴയിൽ നടന്ന ക്യാമ്പിലേക്ക് പുറപ്പെടും മുമ്പാണ് അവസാനമായി സ്കൂളിലെത്തിയത്. 18നാണ് നാഗ്പൂരിലേക്ക് പോയത്. മൂന്നാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് നബീൽ സഹോദരനാണ്.

 ഇടപെട്ട് കായികമന്ത്രി

നിദയുടെ ആകസ്മിക വേർപാട് അറിഞ്ഞ് കായികമന്ത്രി വി.അബ്ദുറഹ്മാൻ ബന്ധുക്കൾക്ക് നാഗ്പൂരിലെത്താനുള്ള സൗകര്യങ്ങൾ ഏർപ്പാടാക്കിയിരുന്നു. ഇന്നലെ രാത്രി പത്തുമണിയോടെ ഇവർ വിമാനമാർഗം നാഗ്പൂരിലെത്തി. നടപടിക്രമങ്ങൾ പൂർത്തിയാക്കി എത്രയും വേഗം മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. അതേസമയം കായിക അസോസിയേഷനുകളിലെ അധികാരത്തർക്കങ്ങൾ പതിവാകുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.