1
വെളിയനാട് വില്ലേജ് ഓഫീസ്

കുട്ടനാട്: ഭൂമി സംബന്ധമായ രേഖകൾക്കും മറ്റു സർട്ടിഫിക്കറ്റുകൾക്കുമായി വെളിയനാട് വില്ലേജ് ഓഫീസിലെത്തിയാൽ വെറും കൈയോടെ മടങ്ങേണ്ട സ്ഥിതി. ഓൺലൈനായോ അല്ലാതെയോ സമർപ്പിക്കുന്ന അപേക്ഷയിൽ ഒത്തുനോക്കേണ്ട രേഖകളിൽ പലതും കാണാനില്ല. ഏതെങ്കിലുമുണ്ടെങ്കിൽത്തന്നെ പുരാവസ്തുവിന് സമം. ഇവ ഒത്തുനോക്കി ജീവനക്കാർക്ക് സംശയം ദൂരീകരിക്കാനോ പുതിയ സർട്ടിഫിക്കറ്റുകൾ നൽകാനോ കഴിയുന്നില്ല.

വില്ലേജ് ഓഫീസർമാർക്ക് 'ഇരിപ്പുറയ്ക്കാത്ത' ഒരു ഓഫീസ് കൂടിയാണ് വെളിയനാട്. സ്ഥലംമാറിയെത്തുന്നവർ എത്രയും പെട്ടെന്ന് സ്ഥലംവിടാൻ ആഗ്രഹിക്കും! പഴയ രേഖകൾ പരിശോധിച്ചു ചെല്ലുമ്പോൾ കണ്ടില്ലെങ്കിൽ ഉത്തരവാദിത്വം പിന്നീട് തങ്ങളുടെ തലയിലാവുമെന്നും അത് സർവീസിനെ ബാധിക്കുമെന്നുമുള്ള ഭയമാണ് ഇതിനു കാരണം. സ്ഥിരം വില്ലേജ് ഓഫീസർമാർ ഇല്ലാത്തത് കാർഷിക വായ്പ പുതുക്കൽ, കൃഷി ഇൻഷുറൻസ്, പാഡി രജിസ്ട്രേഷൻ, കരം അടയ്ക്കൽ, വിദ്യാഭ്യാസ വായ്പ അടക്കമുള്ള അപേക്ഷകളിൽ തീരുമാനം നീളാൻ കാരണമാകുന്നു. എത്രയും പെട്ടന്ന് വില്ലേജ് ഓഫീസിലെ വിഷയങ്ങളിൽ പരിഹാരം ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

# കോൺഗ്രസ് സമരം

വെളിയനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ വില്ലേജ് ഓഫീസിന് മുന്നിൽ നടന്ന സമരം യു.ഡി.എഫ് മണ്ഡലം ചെയർമാൻ ജോസഫ് ചേക്കോടൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജി. സൂരജ് അദ്ധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് സി.വി. രാജീവ് മുഖ്യ പ്രഭാഷണം നടത്തി. എൻ.സി. ബാബു, എ.കെ. കു‌ഞ്ചെറിയ ബാബു കളത്തിൽ, ഷാജി ചെറുകാട്, സിന്ധു സൂരജ്, മായാദേവി തുടങ്ങിയവർ സംസാരിച്ചു.