ആലപ്പുഴ: കുടിവെള്ള കാനുമായി വീട്ടിലെത്തിയപ്പോൾ നാലു വയസുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ അന്യസംസ്ഥാന തൊഴിലാളിയായ 22കാരന് 20 വർഷം കഠിനതടവും 50,000 രൂപ പിഴയും. പി​ഴത്തുകയി​ൽ 30,000 രൂപ കുട്ടിക്ക് നൽകണം. ഇല്ലെങ്കിൽ ആറുമാസം കൂടി ശിക്ഷ അനുഭവിക്കണം. വെസ്റ്റ് ബംഗാൾ സ്വദേശി അബ്ദുൾ ഖാദറിനെയാണ് ആലപ്പുഴ സ്പെഷ്യൽ കോടതി ജഡ്ജി ആഷ് കെ.ബാൽ ശിക്ഷിച്ചത്.

ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ 2020ലാണ് കേസിന് ആസ്പദമായ സംഭവം. അന്യ സംസ്ഥാനത്തു നിന്ന് കേരളത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ തൊഴിലാളിയായിരുന്ന അബ്ദുൾ ഖാദർ വെള്ളത്തിന്റെ കാനുമായി സമീപത്തെ വീട്ടിലെത്തിയപ്പോഴാണ് അതിക്രമം കാട്ടിയത്. തന്റെ മൊബൈലിൽ ചില അശ്ലീല ചിത്രങ്ങൾ കുട്ടിയെ കാണിച്ച ശേഷം വീടിന്റെ പിൻഭാഗത്ത് കൊണ്ടുപോയി അതിക്രമം കാട്ടിയെന്നാണ് കേസ്. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ രക്ഷിതാക്കളാണ് രക്ഷിച്ചത്. പ്രതി വിചാരണ സമയത്ത് തടവിലായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.സീമ ഹാജരായി.