കായംകുളം : ദേശീയപാതയിൽ അമിതവേഗതയിൽ വന്ന ട്യൂക്ക് ബൈക്കിടിച്ച്, സ്കൂട്ടറിൽ യാത്രചെയ്യുകയായിരുന്ന കോൺഗ്രസ് നേതാക്കളായ ദമ്പതികൾക്ക് പരിക്കേറ്റു. കായംകുളം നഗരസഭ മുൻ കൗൺസിലർ കീരിക്കാട് തെക്ക് സുധുപുരത്ത് എം.എസ് തമ്പാൻ, ഭാര്യ മുൻ നഗരസഭ ചെയർപേഴ്സണും ഡി.സി.സി സെക്രട്ടറിയുമായ ഗായത്രി തമ്പാൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കായംകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം ജി.ഡി.എം ആഡിറ്റോറിയത്തിന് മുന്നിൽ ഉച്ചയോടെയായിരുന്നു അപകടം. അമിതവേഗതയിൽ വടക്കുനിന്ന് പാഞ്ഞുവന്ന ബൈക്ക് ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തമ്പാന്റെ കൈ ഒഴിഞ്ഞു. ഗായത്രിയുടെ തലയ്ക്കും നട്ടെല്ലിനുമാണ് പരിക്ക്. ബൈക്ക് യാത്രികനായ കായംകുളം കരീലക്കുളങ്ങര സ്വദേശി സഹലിനും പരിക്കേറ്റു.