# ഉത്സവ സീസണായപ്പോൾ വഴിമുടക്കാൻ വീണ്ടും
ആലപ്പുഴ: കൊവിഡാനന്തര ചിറപ്പ് മഹോത്സവം ആലപ്പുഴയിൽ കൊടുമ്പിരിക്കൊള്ളവേ കൊവിഡിന്റെ തിരിച്ചു വരവ് ആശങ്ക പകരുന്നു. ഇന്നലെ ക്രിസ്മസ് പരീക്ഷ അവസാനിച്ചതോടെ ആലപ്പുഴ നഗരത്തിലും മറ്റ് നഗരങ്ങളിലെ ആഘോഷ കേന്ദ്രങ്ങളിലും തിരക്ക് വർദ്ധിച്ചു. മാസ്ക് ധരിക്കണമെന്ന നിർദ്ദേശം ഉയർന്നുവരുന്നുണ്ടെങ്കിലും വിരലിലെണ്ണാവുന്നവരെ മാത്രമേ 'മാസ്ക്ധാരി'കളായി എല്ലായിടത്തും കാണുന്നുള്ളൂ.
പതിനായിരങ്ങളാണ് പ്രതിദിനം ചിറപ്പുത്സവത്തിനെത്തുന്നത്. കാണാനെത്തുന്നവരും അന്യ സംസ്ഥാന കച്ചടക്കാരും കാർണിവൽ തിരക്കുമെല്ലാമായി സാമൂഹിക അകലം ഇവിടെ തീരെ അപ്രായോഗികമാണ്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും നഷ്ടമായ ചിറപ്പ് ദിനങ്ങൾ തിരിച്ചുപിടിക്കുകയാണ് ജനം. നിലവിൽ ജില്ലയിലെ പ്രതിദിന രോഗികളുടെ എണ്ണം അഞ്ചിൽ താഴെയാണെങ്കിലും കൃത്യമായ പ്രതിരോധം പാലിക്കുന്നില്ലെങ്കിൽ സ്ഥിതി വഷളാകുമെന്ന് ആരോഗ്യ വകുപ്പും മുന്നറിയിപ്പ് നൽകുന്നു. ക്രിസ്മസ് പുതുവത്സരം ആഘോഷിക്കാൻ കൂടുതൽ വിദേശികളും അന്യസംസ്ഥാനക്കാരും നഗരത്തിലേക്ക് എത്തുന്നതും വെല്ലുവിളിയാണ്.
# ആർക്കും വേണ്ട ബൂസ്റ്റർ
പ്രതിരോധ വാക്സിനുകളെ ജനം മറന്നു തുടങ്ങിയപ്പോഴാണ് ഓർമ്മപ്പെടുത്തലുമായി പുതിയ കൊവിഡ് വകഭേദം അവതരിച്ചത്. ഒന്ന്, രണ്ട് ഡോസുകൾ സ്വീകരിക്കാൻ കൂടതൽപേർ എത്തിയിരുന്നെങ്കിലും ബൂസ്റ്റർ ഡോസിനോട് പലരും മുഖം തിരിച്ചു. പല ദിവസവും വാക്സിനേഷൻ കേന്ദ്രങ്ങളിൽ പ്രതിരോധ വാക്സിൻ സ്വീകരിക്കാൻ ആളുകൾ എത്താത്ത സ്ഥിതിയുണ്ട്. അഥവാ വന്നാൽ പോലും പരമാവധി രണ്ട് പേരാണ് എത്തുന്നത്. ഇതോടെ ബാക്കി മരുന്ന് നശിപ്പിച്ച് കളയുകയാണ്.
# വാക്സിൻ സ്വീകരിച്ചവർ
ഒന്നാം ഡോസ്: 17.39 ലക്ഷം
രണ്ടാം ഡോസ്: 16.29 ലക്ഷം
കരുതൽ ഡോസ്: 2.66 ലക്ഷം
തിരക്ക് കൂടുന്നതിനാൽ അതീവ ജാഗ്രത പുലർത്തണം. മാസ്ക് ധരിക്കണം. കുട്ടികളെ സാമൂഹിക അകലത്തിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കണം
ആരോഗ്യ വിഭാഗം, ആലപ്പുഴ