
ചേർത്തല: വിളർച്ച രഹിത കേരളം എന്ന ലക്ഷ്യം മുൻനിറുത്തി 'വിളർച്ചയിൽനിന്ന് വളർച്ചയിലേക്ക്' പദ്ധതി ഉടൻ ആരംഭിക്കുമെന്ന് മന്ത്റി വീണാ ജോർജ് പറഞ്ഞു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ തുരുത്തിപ്പള്ളി 52-ാം നമ്പർ ഹൈടെക് അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ സ്ത്രീകളിലെ വിളർച്ച ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണെങ്കിലും നിലവിലെ സ്ഥിതി കൂടുതൽ മെച്ചപ്പെടുത്താനാണ് പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യയിൽത്തന്നെ ആദ്യമായി അങ്കണവാടിയിലെ കുട്ടികൾക്ക് മുട്ടയും പാലും നൽകുന്ന പദ്ധതി ആവിഷ്‌കരിച്ചത് കേരളമാണ്. ആർദ്റം മിഷനിലൂടെ ഏതു ചികിത്സയും സർക്കാർ ആശുപത്രിയിൽ ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യം. എല്ലാ അങ്കണവാടികൾക്കും സ്വന്തമായി കെട്ടിടം നിർമ്മിക്കുകയാണ് സർക്കാർ ലക്ഷ്യം. 250 അങ്കണവാടികൾ സ്മാർട്ട് അങ്കണവാടികളാക്കാൻ നടപടി ആരംഭിച്ചു. ആലപ്പുഴയിൽ 69 അങ്കണവാടികൾക്ക് കെട്ടിടം നിർമ്മിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്റി പറഞ്ഞു. അങ്കണവാടി കെട്ടിടത്തിന് സൗജന്യമായി സ്ഥലം വിട്ടുനൽകിയ ബി.രാധാകൃഷ്ണൻ നായർ, അദ്ധ്യാപകമാരായ വത്സല, ഓമന എന്നിവരെ മന്ത്റി ആദരിച്ചു.
ജില്ല പഞ്ചായത്ത് നൽകിയ തുക വിനിയോഗിച്ചാണ് കെട്ടിടം പൂർത്തിയാക്കിയത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അദ്ധ്യക്ഷത വഹിച്ചു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.എസ്. ഷാജി, വി.ഉത്തമൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജി അനിൽകുമാർ, അഞ്ചാം വാർഡ് മെമ്പർ ടി.പി. കനകൻ, ജില്ലാ വനിതാ ശിശുവികസന ഓഫീസർ എൽ.ഷീബ, പ്രോഗ്രാം ഓഫീസർ ജെ. മായാലക്ഷ്മി, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ടി.വി. മിനിമോൾ, അങ്കണവാടി അദ്ധ്യാപിക എം.എസ്. ഗിരിജമോൾ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
.