photo

ചേർത്തല: എസ്.എൻ.ട്രസ്റ്റ് സ്വാശ്രയ വിദ്യാഭ്യാസ മേഖലയിൽ ശമ്പളയിനത്തിൽ അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കും മറ്റുമായി പ്രതിവർഷം 27 കോടി രൂപയാണ് ചിലവഴിക്കുന്നതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.വി.എൻ.എസ്.എസ് എസ്.എൻ ട്രസ്​റ്റ് സെൻട്രൽ സ്‌കൂളിന്റെ 24 ാമത് വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രാദേശികതലത്തിൽ, യോഗ്യതയുള്ളവർക്കാണ് ഇവിടെ ജോലി നൽകുന്നത്. അഭ്യസ്ത വിദ്യർക്ക് എസ്.എൻ.ട്രസ്റ്റ് വലിയ സഹായമാണ് ഇതിലൂടെ ചെയ്യുന്നത്. ഈ സ്ഥാപനങ്ങളുടെ വളർച്ചയ്ക്ക് പൊതുസമൂഹത്തിന്റെ സഹായവും സഹകരണവും വലിയ തോതിൽ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. സ്കൂളിനെ ജില്ലയിലെ മികച്ച സ്കൂളായി ഉയർത്തുന്നതിന് നേതൃത്വം നൽകുന്ന പ്രിൻസിപ്പൽ സൂസൻ തോമസിനെ വെള്ളാപ്പള്ളി അഭിനന്ദിച്ചു. ആർ.ഡി.സി പ്രസിഡന്റ് വി.എം.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സൂസൻ തോമസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ആർ.ഡി.സി ട്രഷറർ കെ.വി.സാബുലാൽ, അംഗം പി.കെ.ധനേശൻ, പി.ടി.എ പ്രസിഡന്റ് വി.ശ്രീകല എന്നിവർ സംസാരിച്ചു.വിവിധ മേഖലകളിൽ മികച്ച വിജയം നേടിയവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.സ്‌പെഷ്യൽ ഓഫീസർ പ്രൊഫ.എൻ.കെ.സോമൻ സ്വാഗതവും സ്‌കൂൾ ലീഡർ എസ്. ഋഷികേശ് നന്ദിയും പറഞ്ഞു.തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.