ആലപ്പുഴ: കെ.പി.സി.സി അദ്ധ്യക്ഷനായിരിക്കെ രമേശ് ചെന്നിത്തല എം.എൽ.എ ആരംഭിച്ച ഗാന്ധിഗ്രാമം പദ്ധതിയുടെ 14-ാം വാർഷികം ജനുവരി ഒന്നിന് ഹരിപ്പാട് കുമാരപുരം പഞ്ചായത്തിലെ ചെന്നാട്ട് പട്ടികവർഗ കോളനിയിൽ നടക്കും. ഗ്രാമങ്ങളുടെയും പിന്നാക്ക ജനവിഭാഗങ്ങളുടെയും ഉന്നമനം ലക്ഷ്യമാക്കി ഗാന്ധിയൻ ആശയത്തിലൂന്നിയാണ് പദ്ധതി തയ്യാറാക്കിയത്.
പുതുവർഷ ദിനത്തിൽ രാവിലെ എട്ടുമുതൽ വൈകിട്ടു വരെ നീളുന്ന പരിപാടികളാണ് കോളനിയിൽ നടക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം എം.ലിജുവും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാവിലെ മുതൽ കോളനിയിൽ ചെലവഴിക്കുന്ന ചെന്നിത്തല അവിടത്തെ അടിസ്ഥാന പ്രശ്‌നങ്ങളെപ്പറ്റി നിവേദനങ്ങൾ സ്വീകരിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ കോളനിയുടെ വികസനത്തിനാവശ്യമായ തുടർപ്രവർത്തനങ്ങളും നടത്തും. 68 കുടുംബങ്ങളാണ് കോളനിയിലുള്ളത്. ഇവർക്കായി മെഡിക്കൽ ക്യാമ്പ്, ഭക്ഷ്യസാധനങ്ങളുടെയും വസ്ത്രങ്ങളുടെയും വിതരണം എന്നിവയും നടത്തും. കോളനിയിലാണ് അന്ന് രമേശിന്റെയും കുടുംബത്തിന്റെയും രാവിലെ മുതലുള്ള ഭക്ഷണം. സമ്മേളനങ്ങൾ, വൈകിട്ട് കലാപരിപാടികൾ എന്നിവയുമുണ്ടാകും. വാർത്താ സമ്മേളനത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വി.ഷുക്കൂർ, മുഞ്ഞിനാട്ട് രാമചന്ദ്രൻ, കോൺഗ്രസ് ഹരിപ്പാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എം.ആർ.ഹരികുമാർ എന്നിവരും പങ്കെടുത്തു.