പൂച്ചാക്കൽ: സ്കൂളി​ലേക്കുപോയ രണ്ടു വി​ദ്യാർത്ഥി​കൾ അടക്കം മൂന്നുപേർക്ക് തെരുവ് നായയുടെ കടി​യേറ്റു. ശ്രീകണ്‌ഠേശ്വരം ശ്രീനാരായണ ഹൈസ്‌കൂൾ ഒമ്പതാം വിദ്യാർത്ഥിനി അനുശ്രീ (15), എസ്.എൻ.ഡി.എസ്.വൈ.യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ദേവാനന്ദ് (11), ശ്രീകണ്‌ഠേശ്വരം കുന്നേപ്പറമ്പ് വീട്ടിൽ സുമേഷ് (36) എന്നിവർക്കാണ് കടിയേറ്റത്.

ഇന്നലെ രാവിലെ 9.30ന് സ്കൂളി​ലേക്ക് പോകവേ, നായ ഓടിവന്ന് കടിക്കുകയായിരുന്നു. നായയെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സുമേഷിനെ കടി​ച്ചത്. ഉടൻ തന്നെ മൂന്നുപേരേയും അരൂക്കുറ്റി ഗവ.ആശുപത്രിയിലും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലും പ്രവേശി​പ്പി​ച്ചു.

# ബി​.ജെ.പി​ പ്രതി​ഷേധം

ശ്രീകണ്‌ഠേശ്വരം പരിസരത്ത് തെരുവ് നായ്ക്കളുടെ ശല്യം കൂടുന്നതിനെക്കുറിച്ച് പഞ്ചായത്ത് അധികാരികൾക്ക് മുന്നിൽ നിരവധി പരാതികൾ നൽകിയിട്ടും സ്വീകരിച്ചില്ലെന്ന് ബി.ജെ.പി പാണാവള്ളി മണ്ഡലം കമ്മി​റ്റി ആരോപിച്ചു. ഭരണാധികാരികൾ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് മണ്ഡലം പ്രസിഡന്റ് തിരുനല്ലൂർ ബൈജു ആവശ്യപ്പെട്ടു. തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ്, പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സന്തോഷ്, ബി.ജെ.പി സംസ്ഥാന സമിതി അംഗം അഡ്വ.ബി. ബാലനന്ദ്, സി. മിഥുൻ ലാൽ, സൈജു അരവിന്ദൻ തുടങ്ങിയവർ സ്‌കൂൾ സന്ദർശിച്ചു.