ചേർത്തല : മയക്കുമരുന്ന് ലോബി കേരളമാകെ ഹൈജാക്ക് ചെയ്ത് യുവജനങ്ങളുടെ ജീവിതവും ജീവിത ശൈലിയും തകർത്തു തരിപ്പണമാക്കാനുള്ള ശ്രമങ്ങൾ നടത്തുമ്പോൾ അതിൽ നിന്ന് മോചനം നേടാൻ ബോധവത്കരണം അനിവാര്യമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കേരളകൗമുദിയും എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂത്ത്മൂവ്മെന്റ് യൂണിയനും എക്സൈസ് വകുപ്പും സംയുക്തമായി കണിച്ചുകുളങ്ങര യൂണിയൻ ഹാളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യുവതലമുറ ലഹരിയിൽ മുങ്ങിത്താഴ്ന്ന അവസ്ഥയിലാണ്. തിരിച്ചറിവില്ലായ്മയാണ് യുവതലമുറയെ ലഹരിയുടെ കരങ്ങളിലേയ്ക്ക് തള്ളിവിടുന്നത്.കലാലയങ്ങളിൽ മാത്രം വളരെ കുറച്ചുണ്ടായിരുന്ന ലഹരി മാഫിയയുടെ സാന്നിദ്ധ്യം ഇന്ന് പ്രൈമറി സ്കൂൾ വരെ വ്യാപിച്ചു കഴിഞ്ഞു. ലഹരി മാഫിയയെ അമർച്ച ചെയ്യാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത് ഇന്ത്യയിൽ മയക്കുമരുന്ന് ഉപയോഗത്തിന്റെ വ്യാപ്തി വർദ്ധിച്ചതിന് തെളിവാണ്. സംസ്ഥാനത്താകെ കലാലയങ്ങൾ കേന്ദ്രീകരിച്ച് പൊലീസും എക്സൈസും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പൊതുജനങ്ങളും രക്ഷകർത്താക്കളും ഉൾപ്പെട്ട ജനകീയ കമ്മിറ്റികൾ രൂപീകരിച്ച് ജനകീയ വിഷയമായി ഇത് ഏറ്റെടുത്ത് സർക്കാരിന്റെ സഹകരണത്തോടെ പ്രവർത്തിക്കാൻ തയ്യാറായാൽ ലഹരി മാഫിയയെ പൂർണമായും തുരത്താൻ സാധിക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
കേരളകൗമുദി ന്യൂസ് എഡിറ്റർ എം.പി.സുനിൽ അദ്ധ്യക്ഷത വഹിച്ചു. കണിച്ചുകുളങ്ങര യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ.ധനേശൻ മുഖ്യപ്രഭാഷണം നടത്തി. കേരളകൗമുദി സർക്കുലേഷൻ മാനേജർ രമേശ് പണിക്കർ പദ്ധതി വിശദീകരിച്ചു. കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി ഇൻ ചാർജ് പി.എസ്.എൻ. ബാബു, യൂത്ത്മൂവ്മെന്റ് യൂണിയൻ വൈസ് പ്രസിഡന്റുമാരായ സഞ്ജു പോക്കാട്ട്,സുമേഷ് ചെറുവാരണം,കേരളകൗമുദി സർക്കുലേഷൻ അസി.മാനേജർ പി.കെ.സുന്ദരേശൻ,ചേർത്തല റിപ്പോർട്ടർ പി.പി.രാജേഷ് എന്നിവർ സംസാരിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ.എസ്.ലാൽജി ക്ലാസ് നയിച്ചു. യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ടി.കെ.അനിലാൽ സ്വാഗതവും സെക്രട്ടറി ഷിബു പുതുക്കാട് നന്ദിയും പറഞ്ഞു.