ph
തകർന്നു കിടക്കുന്ന കൃഷ്ണപുരം സാംസ്ക്കാരിക വിനോദ കേന്ദ്രം

കായംകുളം: തകർന്നു കിടക്കുന്ന കൃഷ്ണപുരം സാംസ്ക്കാരിക,വിനോദ കേന്ദ്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി 3 കോടി രൂപയുടെ പദ്ധതികൾ ടെൻഡർ ചെയ്തു. റവന്യു വകുപ്പിന്റെ അധീനതയിലുണ്ടായിരുന്ന ഈ സ്ഥലം സാംസ്കാരിക വകുപ്പിന് വിട്ടു നൽകുന്നതിന്റെയും സാംസ്കാരിക കേന്ദ്രത്തിന്റെ പ്രവർത്തനച്ചുമതല സാംസ്കാരിക വകുപ്പിൽ നിന്ന് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന് കൈമാറുന്നതിന്റെയും നടപടിക്രമങ്ങളിലുണ്ടായ കാലതാമസമാണ് പദ്ധതി ആരംഭിക്കുന്നത് വൈകിപ്പിച്ചത്.

തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ ഭൂമിയിൽ നിന്നും ടണൽ മാർഗ്ഗം ഒഴുകിയെത്തുന്ന വെള്ളം ഇവിടെ ഭീഷണിയായിരുന്നു. അഡ്വഞ്ചർ ടൂറിസത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും വെള്ളക്കെട്ട് തടസമായി. ഡ്രെയിനേജ് സംവിധാനത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ വെള്ളക്കെട്ടിന് ശാശ്വതപരിഹാരമാകും. ചുറ്റുമതിലും കമാനവും രൂപകല്പന ചെയ്തിരിക്കുന്നത് ആറൻമുള വാസ്തു വിദ്യാഗുരുകുലമാണ്. പാർക്ക് ഏറ്റെടുത്ത് നടത്തുന്നതിലേക്ക് സ്വകാര്യ സംരംഭകരിൽ നിന്ന് അനുയോജ്യമായ നിർദ്ദേശങ്ങൾ ഷണിക്കുന്നതിന് ഡി.ടി.പി.സി നടപടികൾ തുടങ്ങി.

2

സാംസ്കാരിക വിനോദ കേന്ദ്രത്തിൽ തോപ്പിൽ ഭാസിയുടെ നാമധേയത്തിൽ ആഡിറ്റോറിയം നിർമ്മിക്കുന്നതിനായി സാംസ്കാരിക വകുപ്പ് 2 കോടി രൂപ അനുവദിച്ചു. ഇതിന്റെ ആദ്യഘട്ടമായി 50 ലക്ഷം രൂപ നിർവഹണ ഏജൻസിയായ ആറൻമുള വാസ്തുവിദ്യാഗുരുകുലത്തിന് കൈമാറി

പുതിയ പദ്ധതി

 498 മീറ്റർ ചുറ്റളവിൽ ചുറ്റുമതിൽ,

 മതിലിൽ സ്റ്റീൽ വർക്കുകൾ,

 കമാനങ്ങൾ,ഗേറ്റുകൾ

 കമാനത്തിൽ മ്യൂറൽ പെയിന്റിംഗ്,ആർട്ട് വർക്കുകൾ,

 328 മീറ്റർ നീളത്തിൽ ഡ്രെയിനേജ്,

 കുളത്തിന് ചുറ്റും ഇന്റർലോക്ക് പാകൽ,

ഇപ്പോഴുള്ളത്

ചതുപ്പായി കിടന്നിരുന്ന തടാകത്തിന്റെ വശങ്ങളിൽ 50 ലക്ഷം രൂപ വിനിയോഗിച്ച് മണ്ണിട്ട് ദീർഘവൃത്താകൃതിയിലുളള ഒരു കൃത്രിമ തടാകം രൂപപ്പെടുത്തുകയും ചുറ്റുമുള്ള സ്ഥലം കരഭൂമിയാക്കി ഉയർത്തുകയും ചെയ്തു. 3 കോടി രൂപ വിനിയോഗിച്ചാണ് തടാകത്തിന് ചുറ്റും കൽപ്പടവുകൾ, നടപ്പാത, സൈക്ലിംഗ് ട്രാക്ക്, ഓപ്പൺ ഗ്യാലറി, ഓഫീസ് കെട്ടിടങ്ങൾ, മണ്ഡപങ്ങൾ, പടനായകന്റെ പ്രതിമ എന്നിവ സ്ഥാപിച്ചത്. 15 ലക്ഷം രൂപ വിനിയോഗിച്ച് ഓപ്പൺ സ്റ്റേജും 23 ലക്ഷം രൂപയ്ക്ക് കെ.പി.എ.സി സുലോചനയുടെ നാമധേയത്തിൽ ഒരു ഗ്രന്ഥശാലയും സ്ഥാപിച്ചിട്ടുണ്ട്.

ഇപ്പോൾ കരാർ ഏറ്റെടുത്തിട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമ്പോൾ സാംസ്ക്കാരിക-ടൂറിസം പദ്ധതികൾ പൊതുജനങ്ങളെ ആകർഷകിക്കുന്ന രീതിയിൽ നടത്തിക്കൊണ്ടു പോകാൻ കഴിയും.

- യു.പ്രതിഭ. എം.എൽ.എ.