ചേർത്തല:ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മാരാരിക്കുളം ബീച്ചിൽ ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നാളെ മുതൽ 31വരെ ബീച്ച്‌ ഫെസ്​റ്റ് നടക്കും. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുമായി ചേർന്ന് വിവിധ ജനപ്രതിനിധികളുടെയും രാഷട്രീയ പാർട്ടികളുടെയും സാമൂഹ്യ, സാംസ്‌കാരിക,സന്നദ്ധ സംഘടനകളുടെയും സഹകരണത്തിൽ നടത്തുന്ന മാരാരി ബീച്ച്‌ഫെസ്​റ്റിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പി.പി.ചിത്തരഞ്ജൻ എം.എൽ.എ, മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുദർശനാഭായി, വൈസ് പ്രസിഡന്റ് സി.സി.ഷിബു എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.മുൻനിരകലാകാരന്മാരെ അണിനിരത്തിയുടെ കലാപരിപാടികളാണ് ഫെസ്റ്റിൽ ഒരുക്കുന്നത്.
25ന് വൈകിട്ട് 4.30ന് പുതുക്കുളങ്ങര ക്ഷേത്രമൈതാനിയിൽ നിന്ന് സാംസ്‌കാരിക ഘോഷയാത്ര ആരംഭിക്കും.5.30ന് സമ്മേളനം മന്ത്റി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷനാകും.എ.എം.ആരിഫ്എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി,കളക്ടർ വി.ആർ.കൃഷ്ണതേജ എന്നിവർ മുഖ്യാതിഥികളാകും. തുടർന്ന് നാടൻപാട്ടും ഗാനമേളയും. 26 മുതൽ 30വരെ വൈകിട്ട് ആറു മുതൽ ഓട്ടൻതുള്ളൽ,കഥാപ്രസംഗം,നാടകം തുടങ്ങിയ കലാപരിപാടികൾ. 30ന് രാത്രി 8.30ന് മന്ത്റി മുഹമ്മദ് റിയാസിന് സ്വീകരണം നൽകും.
31ന് വൈകിട്ട് ആറിന് സമാപന സമ്മേളനവും സെമിനാറും മന്ത്റി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷനാകും.തുടർന്ന് മട്ടന്നൂർ ശങ്കരൻകുട്ടി,രാജേഷ് ചേർത്തല,ബിജു മല്ലാരി എന്നിവർ പങ്കെടുക്കുന്ന മെഗാഫ്യൂഷൻ, ജെസ്റ്റിൻ ഫെർണാണ്ടസും സംഘവും അവതരിപ്പിക്കുന്ന ഡി.ജെ.നൈറ്റ്, 12ന് പുതുവത്സര ആകാശവിസ്മയം.