ആലപ്പുഴ: നഗരസഭ ടൗൺഹാളിന്റെ ഡൈനിംഗ് ഹാളിൽ അടക്കം ചോർച്ചയുള്ളതിനാൽ ആലപ്പുഴയുടെ പ്രൗഢി നിലനിറുത്തുന്ന രീതിയിൽ പുതിയ ടൗൺഹാൾ നിർമ്മിക്കുന്നതിന് ഡി.പി.ആർ തയ്യാറാക്കാൻ സർക്കാർ അക്രഡിറ്റഡ് ഏജൻസിയായ കെല്ലിനെ ചുമതലപ്പെടുത്താൻ ആലപ്പുഴ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു.
നഗരത്തിലെ വലിയകുളം ഗ്രൗണ്ടിൽ ആധുനിക ഫിഷ് മാർക്കറ്റ് നിർമ്മിക്കാൻ സ്ഥലം കണ്ടെത്തും. വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും തടസമാകുന്ന മുഴുവൻ മത്സ്യവ്യാപാരത്തട്ടുകളും ഒഴിവാക്കും. കാഞ്ഞിരംചിറ, ബാപ്പുവൈദ്യർ ജംഗ്ഷൻ എന്നിവിടങ്ങളിലെ മത്സ്യവ്യാപാരം മാളികമുക്ക് മാർക്കറ്റിന്റെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾക്കുശേഷം ഒഴിപ്പിക്കും. പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രം പദ്ധതിയിൽ ഉൾപ്പെടുത്തി ആലിശേരി വാർഡിൽ നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്ന സദ്ഭാവന മണ്ഡപം, ആലിശേരിയിൽ ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാൻ തീരുമാനിച്ചതിനാൽ കൊങ്ങിണി ചുടുകാടിനു സമീപമുള്ള നഗരസഭ വക സ്ഥലത്തേക്ക് മാറ്റാൻ നിർദ്ദേശം നൽകും.
അമൃത് 2.0 പദ്ധതി പ്രകാരം ഇനിയും കുടിവെള്ള കണക്ഷനെടുക്കാത്ത മുഴുവൻ വീടുകളിലും സൗജന്യ കണക്ഷൻ നൽകുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ തുമ്പോളി, മുനിസിപ്പൽ ഓഫീസ്, സിവിൽ സ്റ്റേഷൻ, വഴിച്ചേരി, സീവ്യു, മംഗലം എന്നീ വാർഡുകളെ പദ്ധതിയിൽ ഉൾപ്പെടുത്തി. തൊഴിൽ തേടുന്നവർ, സ്വയം തൊഴിൽ സംരംഭകർ, നൈപുണ്യ വികസനം ആവശ്യമായവർ എന്നിവരുടെ കൂടിച്ചേരലിനായി നഗരസഭ ചെയർപേഴ്‌സൺ അദ്ധ്യക്ഷയായി നഗരസഭ തലത്തിലും വാർഡ് കൗൺസിലർമാർ അദ്ധ്യക്ഷരായി വാർഡ് തലത്തിലും സംഘാടക സമിതികൾ രൂപീകരിക്കാൻ തീരുമാനിച്ചു.
നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് അദ്ധ്യക്ഷത വഹിച്ച കൗൺസിലിൽ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, സ്ഥിരംസമിതി അദ്ധ്യക്ഷരായ കെ.ബാബു, എ.ഷാനവാസ്, കക്ഷിനേതാക്കളായ എം.ആർ. പ്രേം, ഡി.പി. മധു, അഡ്വ. റീഗോരാജു, നസീർ പുന്നയ്ക്കൽ, ഹരികൃഷ്ണൻ, കൗൺസിലർമാരായ എ.എസ്. കവിത, ബി.അജേഷ്, എൽജിൻ റിച്ചാർഡ്, ബി.നസീർ, അരവിന്ദാക്ഷൻ, മനു ഉപേന്ദ്രൻ, മെഹബൂബ്, എലിസബത്ത്, റഹിയാനത്ത് എന്നിവർ സംസാരിച്ചു.
# ഫുഡ് സ്ട്രീറ്റ്
ലൈറ്റ് ഹൗസിനു സമീപം എലിഫന്റ് ഗേറ്റ് റോഡിൽ ആരംഭിക്കുന്ന ഫുഡ് സ്ട്രീറ്റിന് ജില്ലാ നിർമ്മിതി കേന്ദ്രം സമർപ്പിച്ച 45 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് അംഗീകരിച്ചു. ഫുഡ് സ്ട്രീറ്റ് ആരംഭിക്കാൻ എൻ.ഒ.സി ലഭ്യമാക്കുന്നനായി പൊതുമരാമത്ത് നിരത്തു വിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയർക്ക് കത്ത് നൽകിയിട്ടുണ്ട്.