
ചേർത്തല:തീരദേശ അവകാശങ്ങൾ നിഷേധിക്കുന്ന നിയമനിർമ്മാണങ്ങൾക്കെതിരെ തീരദേശ ജനത ജാഗ്രത പുലർത്തിയില്ലെങ്കിൽ സമീപഭാവിയിൽ അതിജീവനം അസാദ്ധ്യമാകുമെന്ന് മുൻ എം.പിയും എച്ച്.എം.എസ് നേതാവുമായ അഡ്വ.തമ്പാൻ തോമസ് പറഞ്ഞു.കൃപാസനം കോസ്റ്റൽ മിഷനും,കേരള സ്വതന്ത്റ മത്സ്യത്തൊഴിലാളി ഫെഡറേഷനും സംയുക്തമായി സംഘടിപ്പിച്ച 'വിഴിഞ്ഞം ഉയർത്തുന്ന വെല്ലുവിളികളും, തീരദേശവും ' എന്ന വിഷയത്തിൽ അർത്തുങ്കലിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അസാധാരണ വെല്ലുവിളികൾ നേരിടാൻ തീരസമൂഹം ജാഗ്രതകാട്ടണമെന്നും തമ്പാൻ തോമസ് പറഞ്ഞു.
കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ബ്ലൂ ഇക്കണോമി നയത്തിന്റെ ആദ്യ ഇരകളാണ് വിഴിഞ്ഞം ജനതയെന്നും,സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച തീരദേശ ഹൈവേ ഇതിന് വഴി ഒരുക്കുമെന്നും പിങ്ക് കുറ്റികൾ അതിന്റെ സൂചനയാണെന്നും കൃപാസനം കോസ്റ്റൽ മിഷൻ ഡയറക്ടർ ഫാ. വി.പി.ജോസഫ് വലിയവിട്ടിൽ ആമുഖ പ്രഭാഷണത്തിൽ പറഞ്ഞു. ജോസഫ് ജുഡ് വിഷയാവതരണം നടത്തി.സ്വതന്ത്റ മത്സ്യതൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്സൺ പൊള്ളയിൽ മോഡറേറ്ററായി.
കൃപാസനം വൈസ് ഡയറക്ടർ തങ്കച്ചൻ പനയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് രാജു ആശ്രയം,ഫാ.ജോൺസൺ പുത്തൻവീട്ടിൽ,കൃപാസനം ജനറൽ മാനേജർ സണ്ണിപരുത്തിയിൽ,ആന്റണി കുരിശുങ്കൽ,ബിജു ജോസി,കൃപാസനം ജനറൽ കൺവീനർ അഡ്വ. എഡ്വേവേഡ് തുറവൂർ,മിഡിയാ സെക്രട്ടറി ജോമോൾ ജോസഫ്,ലൂസി മാർട്ടിൻ,ടി.എസ്.പീറ്റർ,സി.ജെ. ആന്റണി,അലോഷ്യസ് തൈക്കൽ എന്നിവർ സംസാരിച്ചു.