ആലപ്പുഴ: കഥകളി രംഗത്തെ സമഗ്ര സംഭാവനക്കുള്ള നെടുമുടി മാത്തൂർ കളരിയുടെ പ്രഥമ പുരസ്ക്കാരത്തിന് കഥകളി കലാകാരൻ കലാമണ്ഡലം രാമകൃഷ്ണൻ അർഹനായി. നാളെ വൈകിട്ട് 4ന് മാത്തൂർ ക്ഷേത്രാങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എൻ.വാസവൻ പുരസ്ക്കാര സമർപ്പണം നടത്തും. മാത്തൂർ ഗോവിന്ദൻകുട്ടി ആശാന്റെ സ്മരണക്കായി ട്രസ്റ്റ് ഏർപ്പെടുത്തിയതാണ് പുരസ്ക്കാരം. കഥകളി പ്രകാശിക എന്ന ഗ്രന്ഥത്തിന്റെ പുനഃപ്രകാശനവും ചടങ്ങിൽ നടത്തും. മന്ത്രി വി.എൻ.വാസവനിൽ നിന്ന് എൻ.എസ്.എസ് രജിസ്ട്രാർ ഡോ പി.എൻ.സുരേഷ് ഗ്രന്ഥം ഏറ്റുവാങ്ങും. ഡോ.അമ്പലപ്പുഴ ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും. ഡോ.പി.വേണുഗോപാലൻ മുഖ്യപ്രഭാഷണം നടത്തും.