photo

ചേർത്തല: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേ​റ്റ യുവാവിന്റെ ചികിത്സയ്ക്കും പുനരധിവാസത്തിനുമായി നാടൊന്നിക്കുന്നു. ചേർത്തല തെക്ക് പഞ്ചായത്ത് 12-ാം വാർഡ് പുത്തൻവെളിയിൽ സുരേന്ദ്രനു വേണ്ടിയാണ് (46) ചേർത്തല തെക്ക് പഞ്ചായത്തും നഗരവും കൈകോർത്തിറങ്ങുന്നത്. പഞ്ചായത്തിലെ 10 മുതൽ 14 വരെ വാർഡുകളിലും നഗരസഭയിലെ 19, 20 വാർഡുകളിലും നാളെ രാവിലെ ഫണ്ട് സമാഹരണം ആരംഭിക്കും.

നവംബർ 3ന് അരീപ്പറമ്പ് വി.വി ഗ്രാമം റോഡിലുണ്ടായ അപകടത്തിൽ പരിക്കേ​റ്റ സുരേന്ദ്രന്റെ വലതുകാൽ മുറിച്ചു മാ​റ്റിയിരുന്നു. കോട്ടയം മെഡി. ആശുപത്രിയിൽ ചികിത്സയിലാണ്. തുടർചികിത്സയ്ക്കും കൃത്രിമ കാലിനുമായി 20 ലക്ഷത്തോളമാണ് ചെലവ് കണക്കാക്കുന്നത്. അച്ഛനമ്മമാരും ഭാര്യയും സഹോദരിയും അവരുടെ, വിദ്യാർത്ഥികളായ മക്കളുമടങ്ങുന്ന നിർദ്ധന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു കൂലിപ്പണിക്കാരനായിരുന്ന സുരേന്ദ്രൻ.

നാടിന്റെ പ്രിയങ്കരനായിരുന്ന സുരേന്ദ്രന്റെ ചികിത്സയ്ക്കായി 12-ാം വാർഡംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ നിബു എസ്.പത്മം ചെയർമാനും രതീഷ് തമ്പീസ് കൺവീനറുമായി ചികിത്സാസഹായ സമിതി പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ രണ്ടു പേരുടെയും പേരിൽ ഫെഡറൽ ബാങ്ക് ചേർത്തല തെക്ക് ശാഖയിൽ 17510100168920 (ഐ.എഫ്.എസ് കോഡ് എഫ്.ഡി.ആർ.എൽ 0001751) നമ്പരിൽ അക്കൗണ്ടും തുറന്നിട്ടുണ്ട്. ഫോൺ: 8589805180.