a

മാവേലിക്കര: മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന അർജുന്റെ (12) ചികിത്സയ്ക്കുള്ള ധനസമാഹരണാർത്ഥം, ചെട്ടികുളങ്ങര സ്വദേശി സുരേഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള പൗർണമി ബസുകൾ ഇന്നലെ സർവീസ് നടത്തി.

രണ്ടു ബസുകൾക്കും കിട്ടിയ കളക്ഷൻ തുക മുഴുവനായും അർജുന്റെ കുടുംബത്തിന് നൽകും. ചടങ്ങിന്റെ ഫ്ലാഗ് ഒഫ് ആലപ്പുഴ ആർ.ടി.ഒ സജി പ്രസാദ് മാവേലിക്കര സ്വകാര്യ ബസ് സ്റ്റാൻഡിൽ നിർവഹിച്ചു. മാവേലിക്കര ജോയിന്റ് ആർ.ടി.ഒ എം.ജി. മനോജ്, ബസ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികളായ പാലമുറ്റത്ത് വിജയകുമാർ, കടുകോയിക്കൽ സാബു, ഓട്ടോറിക്ഷ കൂട്ടായ്‌മ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഓലകെട്ടിയമ്പലം വാത്തികുളം സജിത് ഭവനിൽ ഗിരീഷ് കുമാറിന്റെ മകനാണ് അർജുൻ.