
ചേർത്തല: വിദേശത്തുള്ള സുഹൃത്തിന്റെ അച്ഛനമ്മമാരുടെ സംരക്ഷണത്തിനായി അവരുടെ വീട്ടിൽ 20 വർഷത്തോളം നീണ്ട താമസത്തിനിടെ പലപ്പോഴായി 20 പവനും 80,000 രൂപയും രൂപയും അപഹരിച്ച യുവാവ് പിടിയിൽ. എസ്.എൽ പുരം പൂപ്പളളിക്കാവ് ശങ്കരമംഗലത്തിൽ മോഹൻദാസിനും ഭാര്യ ആനന്ദവല്ലിക്കുമൊപ്പം താമസിച്ചിരുന്ന എറണാകുളം സ്വദേശിയായ മനോജിനെയാണ് (36) ആനന്ദവല്ലിയുടെ പരാതിയെത്തുടർന്ന് മാരാരിക്കുളം പൊലീസ് പിടികൂടിയത്.
പൊലീസ് പറയുന്നത്: സിനിമ ഷൂട്ടിംഗ് സെറ്റിൽ പാചകക്കാരനായിരുന്ന മനോജുമായി മോഹൻദാസിന്റെ മകൻ സൗഹൃദത്തിലായി. ഇയാളും സിനിമാരംഗത്തായിരുന്നു അപ്പോൾ. ബ്രിട്ടനിലേക്ക് പോകാൻ അവസരം ലഭിച്ചപ്പോൾ വീട്ടിൽ അച്ഛനെയും അമ്മയെയും നോക്കാനായി മനോജിനെ ക്ഷണിച്ചു. അന്ന് 16 വയസായിരുന്നു മനോജിന്. സന്തോഷത്തോടെ ജോലി ഏറ്റെടുത്ത ഇയാൾ യുവാവിന്റെ വീട്ടിൽ താമസിച്ച് ആ വിലാസത്തിൽ ആധാർ കാർഡ് വരെ എടുത്തു. ഇതിനിടയിലാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ പലതവണയായി മോഷ്ടിച്ചത്. ഓരോ ആഭരണവും എടുക്കുമ്പോൾ സമാനമായ മുക്കുപണ്ടം പകരം വയ്ക്കുന്നതായിരുന്നു രീതി. ഇങ്ങനെയാണ് 20 പവൻ മോഷ്ടിച്ചത്. ആഭരണങ്ങൾക്ക് നിറവ്യത്യാസം വന്നപ്പോൾ വീട്ടുകാർക്ക് സംശയമായി. പൊലീസിൽ പരാതി നൽകിയതോടെ മനോജ് ഒളിവിൽ പോയി. കഴിഞ്ഞ ദിവസം കോഴിക്കോട്ടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നാണ് മാരാരിക്കുളം പൊലീസ് ഇയാളെ പിടികൂടിയത്. മാരാരിക്കുളം സി.ഐ ജി.സുരേഷ് കുമാർ,എസ്.ഐ മാരായ ജാക്സൺ, അജിമോൻ, എ.എസ്.ഐ റെജിമോൻ, സി.പി.ഒ ജഗദീഷ് എന്നിവർ ചേർന്നായിരുന്നു അറസ്റ്റ്. ഇയാളെ ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ഭാഗ്യക്കുറി എടുക്കാനാണ് മോഷണം നടത്തിയതെന്ന് മനോജ് പൊലീസിനോട് പറഞ്ഞു.