അമ്പലപ്പുഴ: ദേശീയ സൈക്കിൾ പോളോ മത്സരത്തിൽ വിജയിച്ച് ട്രോഫിയുമായി എത്തുമെന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട്
ഉപ്പയുടെ കൈ പിടിച്ച് യാത്രയായ അഞ്ചാം ക്ലാസുകാരി നിദയുടെ ചേതനയറ്റ ശരീരം നീർക്കുന്നം എസ്.ഡി.വി സ്കൂളിലെത്തിച്ചപ്പോൾ മണൽത്തരികൾ കണ്ണീർ വീണു കുതിർന്നു.
രാവിലെ മുതൽ കാത്തിരുന്ന സഹപാഠികളും അദ്ധ്യാപകരും പൊട്ടിക്കരയുന്ന കാഴ്ച ആരുടെയും കരളലിയിപ്പിക്കുന്നതായിരുന്നു. കഴിഞ്ഞ 7ന് ആണ് അവസാനമായി നിദ ഫാത്തിമ സ്കൂളിൽ എത്തിയത്. പിതാവ് ഷിഹാബുദ്ദീനൊപ്പമെത്തിയ നിദ വളരെ സന്തോഷവതിയായിരുന്നു. വൈകിട്ട് തിരികെ പിതാവിനൊപ്പം മടങ്ങുമ്പോൾ കൂട്ടുകാരോടും അദ്ധ്യാപകരോടും സന്തോഷത്തോടെ യാത്ര പറഞ്ഞു. പിറ്റേന്നു മുതൽ തൊടുപുഴയിൽ നടക്കുന്ന 10 ദിവത്തെ ക്യാമ്പിനു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു നിദ. ക്യാമ്പിൽ നിന്നു 19 ന് സംഘം ട്രെയിൻ മാർഗം നാഗ്പൂരിലേക്ക് യാത്ര തിരിച്ചു. 23 ന് നടക്കുന്ന മത്സരത്തിൽ വിജയിച്ചെന്ന വാർത്ത കേൾക്കാനിരുന്ന അച്ഛനമ്മമാരും ബന്ധുക്കളും അദ്ധ്യാപകരും സഹപാഠികളും 22 ന് രാവിലെ കേട്ടത് നിദയുടെ മരണവാർത്ത ആയിരുന്നു. ഈ ഞെട്ടലിൽ നിന്ന് മോചിതരാകാൻ ഇപ്പോഴും അവർക്കായിട്ടില്ല.
കളമശേരിയിൽ നടന്ന സംസ്ഥാനതല മത്സരത്തിൽ രണ്ടാം സ്ഥാനവുമായി ചിരിച്ചു കൊണ്ടെത്തിയ നിദയുടെ മുഖമാണ് എല്ലാവരുടെയും ഓർമ്മയിൽ. സദാ പുഞ്ചിരി തൂവുന്ന മുഖമായിരുന്നു നിദയ്ക്ക്. ക്രിസ്‌മസ്, പുതുവത്സര അവധി കഴിഞ്ഞ് സ്കൂളിലെത്തുമ്പോൾ നിദയെ കാണാനാവില്ലെന്ന യാഥാർത്ഥ്യം എങ്ങനെ ഉൾക്കൊള്ളാനാവുമെന്ന് അദ്ധ്യാപകർക്കും സഹപാഠികൾക്കും അറിയില്ല.