s

ചേർത്തല : താലൂക്ക് ആശുപത്രിയിൽ ഭരണവിഭാഗത്തിൽ ശക്തമായ ഇടപെടലുകളുമായി നഗരസഭാ നേതൃത്വം. പ്രസവാനുകൂല്യ വിതരണത്തിലുണ്ടായ പാളിച്ചകളിലടക്കം പരിഹാരം കണ്ടെത്താൻ നഗരസഭ നടപടികൾ തുടങ്ങി. ഏതെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്തു വീഴ്ചയുണ്ടെന്നു കണ്ടെത്തിയാൽ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ ഷേർളിഭാർഗവൻ,വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ,സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻമാരായ എ.എസ്.സാബു,ലിസിടോമി എന്നിവർ അറിയിച്ചു.

പ്രസവാനുകൂല്യ വിതരണത്തിലുണ്ടായ കാലതാമസത്തിലും ഫണ്ട് തിരികെ അടച്ച സാഹചര്യത്തിലുമാണ് നഗരസഭയുടെ അടിയന്തര ഇടപെടൽ.ആനുകൂല്യങ്ങൾ അട്ടിമറിച്ചതിന്റെ പേരിൽ ആശുപത്രിയിൽ പ്രതിപക്ഷ സംഘടനകൾക്കൊപ്പം ഭരണ മുന്നണിയിൽ നിന്നും പ്രതിഷേധങ്ങളുണ്ടായി.
2018 മുതലുള്ളവർക്ക് ആനുകൂല്യം വിതരണം ചെയ്യാത്തത് ഗുരുതരമായ അലംഭാവം തന്നെയാണെന്നാണ് നഗരസഭയുടെ വിലയിരുത്തൽ. കൊവിഡ് ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ വർഷം മാത്രമാണ് നഗരസഭക്ക് ആശുപത്രി തിരികെ കിട്ടുന്നത്. അടുത്തിടെ ഭരണവിഭാഗത്തിൽ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ നഗരസഭ ഇടപെട്ട് മാ​റ്റങ്ങൾ വരുത്തിയിരുന്നു. ആശുപത്രിയിലെത്തുന്നവർക്ക് മെച്ചപ്പെട്ട ചികിത്സയും പരിചരണവും ഉറപ്പാക്കുകയാണ് നഗരസഭയുടെ ലക്ഷ്യമെന്നും ചെയർപേഴ്സൺ പറഞ്ഞു.ഇതിനായി നഗരസഭ അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു വർഷത്തിനുള്ളിൽ മാത്രം ലക്ഷങ്ങളുടെ പ്രവർത്തനങ്ങളാണ് നടത്തിയത്. വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ തുക സർക്കാരിൽ നിന്നും അനുവദിപ്പിക്കാനുള്ള ഇടപെടലുകളും നടത്തിയതായും അവർ പറഞ്ഞു.

രോഗികൾക്കുള്ള ഒരു ആനുകൂല്യവും നഷ്ടമാകില്ലെന്നും പ്രസവാനുകൂല്യ വിതരണം ഈ സാമ്പത്തിക വർഷം തന്നെ പൂർത്തിയാക്കും. പാളിച്ചകൾ ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ഇടപെട്ട് ആനുകൂല്യ വിതരണം ഊർജ്ജിതമാക്കിയിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ 129 പേർക്ക് ആനുകൂല്യം നൽകാനായി

-ഷേർളിഭാർഗവൻ, നഗരസഭ ചെയർപേഴ്സൺ