 
ആലപ്പുഴ: എസ്.എൽ പുരം സദാനന്ദന്റെ സ്മരണക്കായി എസ്.എൽ പുരം സദാനന്ദൻ സ്മാരക സമിതി ഏർപ്പെടുത്തിയ പ്രഥമ സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു. ആർട്ടിസ്റ്റ് സുജാതൻ (പ്രൊഫഷണൽ നാടകം ), വയലാർ ശരത്ചന്ദ്രവർമ്മ ( സിനിമ ഗാനരചന ), സൂരജ് സത്യൻ (കഥാപ്രസംഗം), കൊടുമൺ ഗോപാലകൃഷ്ണൻ (തിയേറ്റർ നാടകം ) എന്നിവരാണ് ജേതാക്കൾ. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാർഡ് എസ്.എൽ.പുരം സദാനന്ദന്റെ ജന്മദിനമായ ഏപ്രിൽ 15ന് എസ്.എൽ പുരത്ത് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. സമിതിയുടെ ലോഗോ പ്രകാശനം മന്ത്രി പി.പ്രസാദ് ഇന്നലെ നിർവഹിച്ചു.
വാർത്താസമ്മേളനത്തിൽ സമിതി ചെയർമാൻ ആലപ്പി ഋഷികേശ്, സെക്രട്ടറി സേതുനാഥ്, ട്രഷറർ പി.സാബു, അഡ്വ. പി.പി.ബൈജു, രാജു പള്ളീപ്പറമ്പിൽ, എം.വി.ഉത്തമക്കുറുപ്പ്, പി.രാജീവ്, എൻ.മുരളി, സുഗുണൻ പാലത്തുങ്കൽ എന്നിവർ പങ്കെടുത്തു.