ആലപ്പുഴ: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൊവിഡ് ജാഗ്രതാ നിർദേശം നൽകിയതോടെ മാസ്ക് ഉപയോഗിക്കുന്നവരുടെ എണ്ണം ഒരു ഇടവേളയ്ക്ക് ശേഷം വർദ്ധിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിലെ പലകടകളിലും വിലകൂടിയ മാസ്ക് കിട്ടാനില്ലായിരുന്നു.
ചൈനയിൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യത്തും നിലവിലെ സ്ഥിതി മാറാൻ സാഹചര്യമുള്ളതിനാൽ മുൻകരുതലെന്നോണമാണ് സംസ്ഥാ ആരോഗ്യ വകുപ്പ് മാസ്‌ക് നിർബന്ധമാക്കിയത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കൊവിഡിന്റെ പുതിയ രൂപം റിപ്പോർട്ട് ചെയ്തതും കാരണമായി. കൂടുതൽ ഓർഡർ ലഭിച്ചാൽ മാസ്ക്, സാനിട്ടൈസർ ഉത്പാദനം കൂട്ടാൻ കെ.എസ്.ഡി.പി തീരുമാനിച്ചു. എൻ 95 മാസ്ക് മാർക്കറ്റിൽ സുലഭമല്ല. കുറഞ്ഞ വിലയുള്ള മാസ്കുകളാണ് നിലവിൽ മാർക്കറ്റിലുള്ളത്.
# ആവശ്യക്കാർ കൂടുന്നു
നഗരത്തിൽ ഒരാഴ്ച മുമ്പുവരെ 100ൽ താഴെ ആളുകൾ മാത്രം മാസ്കിനായി എത്തിയിരുന്ന മെഡിക്കൽ സ്റ്റോറുകളിൽ ഇപ്പോൾ 200- 250 പേരാണ് പ്രതിദിനം എത്തുന്നത്. ഇതിൽ കുട്ടികളാണ് കൂടുതലും. 5 മുതൽ 30 രൂപ വരെയുള്ള തുണിമാസ്കാണ് കടകളിൽ കൂടുതലായി വിറ്റഴിക്കുന്നത്.
# കടുപ്പിക്കാതെ പൊലീസ്
മാസ്‌ക് നിർബന്ധമാക്കിയെങ്കിലും പരിശോധന കടുപ്പിക്കാതെ പൊലീസ്. സാമൂഹിക അകലവും മാസ്‌കും നിർബന്ധമാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങളിൽ പൂർണ ഇളവ് പ്രഖ്യാപിച്ച ശേഷം മാസ്കിന്റെ കാര്യത്തിൽ പരിശോധനയില്ലായിരുന്നു. വരും ദിവസങ്ങളിൽ പരിശോധന കടുപ്പിക്കാനാണ് സാദ്ധ്യത.