photo

ചേർത്തല: ആലപ്പുഴയുടെ അഭിമാനമായ ഗാനരചയിതാവ് രാജീവ് ആലുങ്കലിന്റെ പാട്ടെഴുത്ത് യാത്ര മൂന്ന് പതി​റ്റാണ്ട് പൂർത്തിയാക്കുന്നു. 1993 ൽ പ്രൊഫഷണൽ നാടകത്തിൽ ആരംഭിച്ച ഗാനരചന ആൽബം, നാടകം, സിനിമ രംഗങ്ങളിലൂടെ മുന്നേറുകയാണ്.

ഇതിനോടകം 4200 ഗാനങ്ങൾ രചിച്ചതിലൂടെ 2021ൽ യു.ആർ.എഫ് നാഷണൽ റെക്കാഡിൽ ഇടം പിടിച്ചു. മൂന്നു തലമുറകളിലെ മഹാപ്രതിഭകളുമായി ഒന്നിച്ച് പ്രവർത്തിക്കാനായത് അഭിമാനാർഹമാണെന്ന് രാജീവ് ആലുങ്കൽ പറയുന്നു. 50 വയസിനു താഴെ 30 വർഷത്തെ സജീവ പാട്ടെഴുത്ത് ചരിത്രമുള്ള മലയാളത്തിലെ ഏക ഗാനരചയിതാവാണ് രാജീവ്.

ഗാനരചനയ്ക്കുള്ള സംസ്ഥാന സർക്കാർ അവാർഡ്, ഫിലിം ക്രിട്ടിക്സ് അവാർഡ് (മൂന്ന് തവണ), സമഗ്ര സംഭവനയ്ക്കുള്ള കേരള സംഗീത നാടക അക്കാഡമി അവാർഡ്, കവിതയ്ക്കുള്ള ആശാൻ ഭാരതി ദേശീയ സാഹിത്യ പുരസ്‌കാരം ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചു.

2017- 2022 കാലയളവിൽ സംസ്ഥാന സർക്കാർ നിയന്ത്റണത്തിലുള്ള പല്ലന കുമാരനാശാൻ സ്മാരകത്തിന്റെ ചെയർമാൻ ആയിരുന്നു. നിലവിളിത്തെയ്യം, ഏകാകികളുടെ ഗീതം, വേരുകളുടെ വേദാന്തം, പല്ലൊട്ടി മിഠായി, കനൽപ്പെണ്ണ് എന്നിവയാണ് പ്രസിദ്ധീകരിക്കപ്പെട്ട കവിത സമാഹാരങ്ങൾ. 'എന്റെ പ്രിയഗീതങ്ങൾ' എന്ന പേരിൽ തിരഞ്ഞെടുത്ത 1001 ഗാനങ്ങളുടെ സമാഹരവുമുണ്ട്. 30 ന് റിലീസാകുന്ന 'നല്ല സമയം' എന്ന ചിത്രം രാജീവ് പാട്ടെഴുതിയ 135-ാമത് ചിത്രമാണ്.

ആലുങ്കലിന്റെ പാട്ടെഴുത്ത് സപര്യയ്ക്ക് 2023 ജനുവരി എട്ടിന് ചെന്നൈയിൽ നടക്കുന്ന ചടങ്ങിൽ ആദരം നൽകും.

ആശാൻ മെമ്മോറിയൽ അസോസിയേഷനും ആശ്രയവും സംയുക്തമായാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ് ഉദ്ഘാടനം ചെയ്യും. സംവിധായകൻ ഹരിഹരൻ ഉപഹാരം സമർപ്പിക്കും. ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത്, തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകത്തിന്റെ ചെയർമാൻ കൂടിയായ കവി വി. മധുസൂദനൻ നായർ, ചലച്ചിത്ര പിന്നണി ഗായകരായ കെ.എസ്. ചിത്ര, സുജാത മോഹൻ, ഉണ്ണി മേനോൻ, ഗാന രചയിതാക്കളായ മങ്കൊമ്പ് ഗോപാലകൃഷ്ണൻ, കൈതപ്രം, വൈരമുത്തു, താമരൈ, ഗംഗൈ അമരൻ തുടങ്ങിയവർ സംസാരിക്കും.