hfh
ഡാണാപ്പടി പാലത്തിന്റെ കിഴക്കുഭാഗത്തെ അനുബന്ധപാത ഇടിഞ്ഞുതാഴ്ന്നിടത്ത് അപകടസൂചന നൽകാൻ നാട്ടുകാർ നാട്ടിയ പ്ലാസ്റ്റിക് ചാക്ക്.

# അനുബന്ധ പാത ഇടിഞ്ഞുതാഴുന്നു

ഹരിപ്പാട്: ഡാണാപ്പടി മാർക്കറ്റ് ജംഗ്ഷനിൽ 12 വർഷം മുമ്പ് നിർമ്മിച്ച പാലത്തിന്റെ ഇരുവശത്തെയും അനുബന്ധപാത അപകടകരമാംവിധം ഇടിഞ്ഞുതാഴുന്നു.

കിഴക്കുഭാഗത്താണ് സ്ഥിതി രൂക്ഷം. അടുത്തിടെ ചരക്കുലോറി കടന്നുപോകവേ ഇവിടെ നാലുമീറ്റർ നീളത്തിലാണ് ഇടിഞ്ഞത്. ഇരുവശത്തും പാലവും റോഡും തമ്മിൽ ചേരുന്ന ഭാഗം താഴുകയാണ്. ഹരിപ്പാട് പടിഞ്ഞാറേ നടയിൽ നിന്നു ദേശീയപാതയിലേക്കുള്ള റോഡാണിത്. ഏറെ പഴക്കമുണ്ടായിരുന്നു പഴയ പാലത്തിന്. റോഡിനു വീതി കൂട്ടുന്നതിന്റെ ഭാഗമായി 2010ൽ ആണ് പുതിയപാലം നിർമ്മിച്ചത്. എന്നാൽ, അനുബന്ധപാത വേണ്ടരീതിയിൽ ഉറപ്പിക്കാതെയാണ് പണി പൂർത്തിയാക്കിയതെന്ന് ആരോപണമുണ്ട്. ഇതാണ് നിലവിൽ വിനയായിരിക്കുന്നത്.

ദേശീയപാത ആറുവരിയിൽ പുനർനിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട ജോലികൾ ഈ ഭാഗത്ത് വേഗം പുരോഗമിക്കുകയാണ്. അധികം വൈകാതെ ദേശീയപാതയിലെ ഡാണാപ്പടി വലിയപാലം പൊളിച്ചുമാറ്റും. ഈ സമയം ഗതാഗതം തിരിച്ചുവിടേണ്ട റോഡിലെ പാലമാണ് അപകട നിലയിലായിരിക്കുന്നത്. ഇപ്പോൾത്തന്നെ നല്ല ഗതാഗതത്തിരക്കുള്ള റോഡാണിത്. ദേശീയപാതയിലെ വാഹനങ്ങൾകൂടി എത്തുന്നതോടെ പാലത്തിന്റെ സ്ഥിതി കൂടുതൽ അപകടകരമാകും.

# രാത്രിയിൽ അപകടസാദ്ധ്യത

പാലത്തിനു സമീപത്താണ് സപ്ലൈകോ ഗോഡൗൺ. ഇവിടേക്ക് കാലടിയിൽനിന്നു അരിയുമായെത്തിയ ലോറി തിരിക്കുന്നതിനിടെയാണ് പാലത്തിന്റെ കിഴക്കുഭാഗം ഇടിഞ്ഞുതാഴ്ന്നത്. ലോറി കൈവരിയിൽ തട്ടി നിന്നതിനാൽ അപകടമൊഴിവായി. ഇടിഞ്ഞുതാഴ്ന്ന ഭാഗം നന്നാക്കാൻ പൊതുമരാമത്ത് വകുപ്പ് തയ്യാറായിട്ടില്ല. അപകടസൂചന നൽകാനായി നാട്ടുകാർ പ്ലാസ്റ്റിക് ചാക്ക് കുത്തിനിറുത്തിയിട്ടുണ്ട്. പകൽ സമയത്ത് യാത്രക്കാർ ശ്രദ്ധിക്കാൻ ഇതുമതിയാകും. എന്നാൽ, രാത്രിയിൽ ഇതുവഴി പോകുന്നവർ കുഴിയിൽ വീഴാൻ സാദ്ധ്യതയേറെയാണ്.