ഇ.എം.എസ് സ്റ്റേഡിയം രണ്ടാം ഘട്ട നിർമ്മാണോദ്ഘാടനം ഇന്ന് വൈകിട്ട് 5ന്
ആലപ്പുഴ : ജില്ലയുടെ കായികക്കുതിപ്പിന് ശക്തി പകരാൻ ഇ.എം.എസ് സ്റ്റേഡിയത്തിന്റെ രണ്ടാം ഘട്ട നിർമ്മാണത്തിന് ഇന്ന് തുടക്കമാകും. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ രാജാകേശവദാസ് നീന്തൽക്കുളം പരിശീലനത്തിന് തുറന്നു കൊടുത്തതിന്റെ പിന്നാലെയെത്തുന്ന സ്റ്റേഡിയം നവീകരണത്തെ ഏറെ പ്രതീക്ഷയോടെയാണ് ആലപ്പുഴയിലെ കായിക പ്രേമികൾ കാണുന്നത്.
ഉദ്ഘാടനം കഴിഞ്ഞ് ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും ജില്ലയുടെ കായിക രംഗത്തിന് ഒരുപകാരവുമില്ലാതെ പോയ പദ്ധതിയാണ് ഇ.എം.എസ് സ്റ്റേഡിയം. നിലവിൽ സ്വകാര്യ ചികിത്സാ കേന്ദ്രം, ഭക്ഷണശാല തുടങ്ങിയ സ്ഥാപനങ്ങളാണ് സ്റ്റേഡിയത്തിന്റെ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. സ്റ്റേഡിയം നിലനിൽക്കുന്ന സ്ഥലം സംബന്ധിച്ച അവകാശവാദവും, സ്വകാര്യ വ്യക്തികൾ വാങ്ങിയെടുത്ത സ്റ്റേ ഉത്തരവുകളുമാണ് വികസനത്തിന് തടസമായി നിന്നത്. സ്റ്റേഡിയത്തിലെ 2.5 സെന്റ് സ്ഥലം തന്റേതാണെന്നായിരുന്നു സ്വകാര്യ വ്യക്തിയുടെ വാദം. എന്നാൽ ഹൈക്കോടതിയിൽ ഇത് തെളിയിക്കാൻ സാധിക്കാത്തതിനാൽ തടസങ്ങൾ മാറിക്കിട്ടി. സ്‌പോർട്‌സ് ഡയറക്ടറേറ്റിൽ നിന്നും സാങ്കേതികാനുമതിയും സർക്കാർ അനുമതിയും കിറ്റ്‌കോയുടെ ക്ലിയറൻസും അടക്കം നിരവധി കടമ്പകൾ കടന്നാണ് സ്റ്റേഡിയത്തിന്റെ രണ്ടാംഘട്ട നിർമ്മാണം ആരംഭിക്കുന്നത്. ഇന്ന് വൈകിട്ട് 5ന് മന്ത്രി വി. അബ്ദുറഹ്മാൻ നിർമ്മാണോദ്ഘാടനം നിർവഹിക്കും.
ആകെ നടന്നത് സമ്മേളനങ്ങൾ !
2010ൽ അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്. വിജിലൻസ് അന്വേഷണത്തിൽ കുടുങ്ങി തുടർ നിർമ്മാണ പ്രവർത്തനങ്ങൾ അവതാളത്തിലായി. സിന്തറ്റിക് ട്രാക്ക്, പവിലിയൻ, ബാത്ത് റൂം, ഓഫീസ്, കോൺഫറൻസ് ഹാൾ എന്നിവയാണ് ഇനി പൂർത്തീകരിക്കാനുള്ളത്. ഫുട്ബാൾ മൈതാനം, ട്രിപ്പിൾ, ലോംഗ്ജമ്പ് പിറ്റുകൾ, കായിക താരങ്ങൾക്കുള്ള താമസസൗകര്യം എന്നിവ പൂർത്തിയായിരുന്നു. ഏതാനും കടമുറികൾ വാടകയ്ക്ക് പോയതും, വലിയ സമ്മേളനങ്ങൾക്ക് വേദിയാകാനും സാധിച്ചതുമാണ് ഇക്കാലയളവിൽ സ്റ്റേഡിയം കൊണ്ടുണ്ടായ പ്രയോജനം.
രണ്ടാംഘട്ട നിർമ്മാണ ചെലവ്: 10.92 കോടി
നിർമ്മാണ ഘട്ടങ്ങൾ
1.ചില കടമുറികൾ നവീകരിച്ച് കളിക്കാർക്കുള്ള ഡ്രസിംഗ് റൂമുകൾ ടോയ്‌ലറ്റ്, എന്നിവയും ഓട്ടോമാറ്റിക് സ്പ്രിംഗ്‌ളർ സിസ്റ്റം വർക്കുകളും നാച്ചുറൽ Sർഫ് ഫിഫ സ്റ്റാന്റേർഡ് ഫുട്ബാൾ ഗ്രൗണ്ടും നിർമിക്കും. 4. 5 കോടി രൂപയാണ് അടങ്കൽ
2. 8 ലൈൻ 400 മീറ്റർ സിന്തറ്റിക് ട്രാക്കും, ലോംഗ് ജംപ് പിറ്റും, ത്രോ ഇവന്റുകൾ നടത്താനുള്ള പിച്ചും നിർമ്മിക്കും. 6.42 കോടി രൂപയാണ് അടങ്കൽ
പദ്ധതി ഒരു വർഷത്തിനുളളിൽ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഭരണസമിതി ചുമതലയേറ്റതു മുതൽ ഏറ്റവുമധികം സ്വപ്നം കണ്ടതും പണിപ്പെട്ടതും ഈ പദ്ധതിക്ക് വേണ്ടിയാണ്. നഗരത്തിന് മാത്രമല്ല ജില്ലയ്ക്കാകെ കായിക രംഗത്ത് പ്രയോജനപ്പെടുന്നതാവും സ്റ്റേഡിയം
- സൗമ്യരാജ്, നഗരസഭാദ്ധ്യക്ഷ