attack
ഗാനമേളയ്ക്കിടയിൽ ലാത്തിവീശൽ

ആലപ്പുഴ: കിടങ്ങാംപറമ്പ് ഭുവനേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയുടെ സമയക്രമീകരണം സംബന്ധിച്ച് പൊലീസും ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും ത‌മ്മിലുണ്ടായ തർക്കം ലാത്തി വീശലിൽ കലാശിച്ച സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് സബ് കളക്ടർ സൂരജ് ഷാജിയെ ജില്ല കളക്ടർ വി.ആർ.കൃഷ്ണതേജ ചുമതലപ്പെടുത്തി.

കുറ്റാരോപിതരായ പൊലീസുദ്യോഗസ്ഥരെ, അന്വേഷണ റിപ്പോർട്ട് ലഭിക്കുംവരെ മാറ്റി നിർത്തും. 24ന് രാത്രി 10.30നാണ് സംഭവം. രാത്രി പത്ത് മണി വരെയാണ് ഗാനമേളയ്ക്ക് സമയം അനുവദിച്ചിരുന്നത്. കേൾവിക്കാർ ആവശ്യപ്പെട്ടതിനെത്തുടർന്ന് പത്ത് മണിക്കു ശേഷവും ഗാനമേള തുടർന്നു. 10.30ന് ആലപ്പുഴ നോർക്ക് എസ്.ഐ മൈക്ക് ഓഫ് ചെയ്തത് സംബന്ധിച്ചുയർന്ന തർക്കമാണ് ലാത്തിവീശലിൽ കലാശിച്ചത്. ഗർഭിണിയടക്കമുള്ളവർ പരിക്കേറ്റതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഗാനമേളയുടെ സമയം ദീർഘിപ്പിക്കാൻ ഡിവൈ.എസ്.പി അനുമതി നൽകിയിരുന്നതായാണ് ക്ഷേത്രം ഭാരവാഹികളുടെ നിലപാട്.

ദേവസ്വം ഭാരവാഹികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിളിച്ചു ചേർത്ത അനുരഞ്ജന യോഗത്തെത്തുടർന്നാണ് അന്വേഷണത്തിന് കളക്ടർ ഉത്തരവിട്ടത്. ഉത്സവം സുഗമമായിസംഘടിപ്പിക്കുന്നതിന് ദേവസ്വം കമ്മിറ്റിക്ക് പൂർണമായ പിന്തുണ പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉറപ്പ് നൽകി.
ഒരാഴ്ചയ്ക്കുള്ളിൽ സബ് കളക്ടർ അന്വേഷണ റിപ്പോർട്ട് നൽകും. കിടങ്ങാംപറമ്പ്, മുല്ലയ്ക്കൽ ക്ഷേത്രോത്സവങ്ങൾ കഴിയുന്നതുവരെ ഉത്സവ സ്ഥലത്ത് എക്സിക്യൂട്ടീവ് മജിസ്ട്രേട്ടുമാരെ ക്രമസമാധാന പരിപാലനത്തിന് നിയോഗിച്ചു. യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ സൗമ്യ രാജ്, എ.ഡി.എം എസ്.സന്തോഷ് കുമാർ, കിടങ്ങാംപറമ്പ് ക്ഷേത്രയോഗം പ്രസിഡന്റ് കെ.എസ്.ഷാജി കളരിക്കൽ, ഭാരവാഹികളായ ആർ.സ്‌കന്ദൻ, ജി.മോഹൻദാസ്, അഡ്വ.പ്രമൽ എന്നിവരും പങ്കെടുത്തു.