 
പ്രഥമ മാരാരി ബീച്ച് ഫെസ്റ്റ് ആരംഭിച്ചു; ആലപ്പുഴ ബീച്ച് ഫെസ്റ്റ് നാളെ മുതൽ
ആലപ്പുഴ: മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തിന്റെയും ഡി.ടി.പി.സിയുടെയും സഹകരണത്തോടെ നടത്തുന്ന പ്രഥമ മാരാരി ബീച്ച് ഫെസ്റ്റിന് തുടക്കമായി. കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ ഇടം നേടാൻ പോകുന്ന ഏറ്റവും പ്രധാനപ്പെട്ട ബീച്ച് ഫെസ്റ്റായി മാരാരി ബീച്ച് ഫെസ്റ്റ് മാറുമെന്ന് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത മന്ത്രി പി. പ്രസാദ് പറഞ്ഞു. 31വരെയാണ് ഫെസ്റ്റ്. ഗാനമേള, മെഗാഷോ, മ്യൂസിക്കൽ ഫ്യൂഷൻ, ഡിജെ പ്രോഗ്രാം, കുടുംബശ്രീയുടെ നേതൃത്വത്തിൽ ഭക്ഷ്യമേള, കരകൗശലമേള, ചിത്രപ്രദർശനം, കഥാപ്രസംഗം, നാടൻപാട്ട്, നാടകം, കഥകളി, നൃത്തശിൽപ്പം, സെമിനാറുകൾ തുടങ്ങിയവയാണ് ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്. ചടങ്ങിൽ പി.പി. ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എ.എം.ആരിഫ് എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി എന്നിവർ മുഖ്യാതിഥികളായി. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുദർശനബായി, വൈസ് പ്രസിഡന്റ് സി.സി.ഷിബു, പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ആലപ്പുഴ ബീച്ച് ഫെസ്റ്റ് നാളെ മുതൽ
കൊവിഡ് മൂലം കഴിഞ്ഞ വർഷങ്ങളിൽ ഒഴിവാക്കിയ ആലപ്പുഴ ബീച്ച് ഫെസ്റ്റ് നാളെ പുനരാരംഭിക്കും. ഇന്ന് നഗരത്തിലെ ചിറപ്പുത്സവത്തിന് പരിസമാപ്തിയാവുന്നതോടെ ജനം ഇനി ബീച്ചിലേക്ക് ഒഴുകിത്തുടങ്ങും. ഫുഡ് ഫെസ്റ്റ് ഇത്തവണയുണ്ടാകില്ല. പ്രശസ്ത കലാകാന്മാരെ അണിനിരത്തിയുള്ള സ്റ്റ്ജ് ഷോകൾക്കാകും പ്രാമുഖ്യം നൽകുക. നാല് ദിവസം നീണ്ടു നിൽക്കുന്ന ഫെസ്റ്റ് 31ന് സമാപിക്കും.
കൊവിഡ് കാരണം കഴിഞ്ഞ വർഷങ്ങളിൽ ക്രിസ്മസ് -ന്യൂ ഇയർ ആഘോഷങ്ങൾ നടന്നിരുന്നില്ല. ഇന്നും പലയിടങ്ങളും കൊവിഡ് ഭീതിയിലാണ്. എന്നാൽ, ആരവങ്ങളിലേക്കും ആഘോഷങ്ങളിലേക്കും മനുഷ്യൻ കടന്നില്ലെങ്കിൽ അത് വലിയ ബുദ്ധിമുട്ടും പ്രയാസവും കൊണ്ടുവരുമെന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ് ഇത്തരം പരിപാടികൾ നടത്തുന്നത്
- ലിജോ എബ്രഹാം, ഡി.ടി.പി.സി സെക്രട്ടറി