lido
ലിഡോയ്ക്ക് ഡപ്യൂട്ടി കമാന്റന്റ് സുരേഷ് ബാബു അവസാന സല്യൂട്ട് നൽകി ആദരിക്കുന്നു

ആലപ്പുഴ: കൊലപാതക, മോഷണ കേസുകളിൽ പൊലീസിനെ സഹായിച്ചിരുന്ന ഒൻപതു വയസുകാരി ലിഡോ എന്ന നായയ്ക്ക് ഇനി വിശ്രമത്തിന്റെ നാളുകൾ. കഴിഞ്ഞമാസം കുത്തിയതോട് ക്ഷേത്രത്തിലെ മോഷണക്കേസിലടക്കം തുമ്പ് കണ്ടെത്താൻ സഹായിച്ചത് കെ 9 സ്ക്വാഡിലെ സീനിയർ ഡോഗായ ലിഡോയായിരുന്നു. എട്ട് കേസുകളിൽ നിർണായക തെളിവുകൾ ശേഖരിക്കാൻ ലിഡോ പൊലീസിനെ സഹായിച്ചിരുന്നു. ഹൃദയ സംബന്ധമായ രോഗമുള്ളതിനാലും, 9 വയസ് പിന്നിട്ടതിനാലുമാണ് ലിഡോയെ ഡീ കമ്മീഷൻ ചെയ്യുന്നതെന്ന് പരിശീലകർ പറഞ്ഞു. കെ9 സ്ക്വാഡ് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ഡപ്യൂട്ടി കമാൻഡന്റ് സുരേഷ് ബാബു ലിഡോയ്ക്ക് അവസാന സല്യൂട്ട് നൽകി ആദരിച്ചു. ലിഡോയെ തൃശൂരിൽ പൊലീസ് നായ്ക്കളുടെ പുനരധിവാസകേന്ദ്രമായ വിശ്രാന്തിയിലേക്ക് മാറ്റി.