s
ഫിഷ് മാർക്കറ്റ്

ആലപ്പുഴ : നഗരത്തിൽ വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും തടസമാകുന്ന തരത്തിൽ പ്രവർത്തിക്കുന്ന മുഴുവൻ അനധികൃത മത്സ്യ വ്യാപാരത്തട്ടുകളും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായി വലിയകുളം ഗ്രൗണ്ടിൽ ആധുനിക ഫിഷ് മാർക്കറ്റ് നിർമ്മിക്കാൻ നഗരസഭ കൗൺസിൽ തീരുമാനിച്ചു. ട്രീറ്റ്മെന്റ് പ്ളാന്റോടുകൂഴിയ മാർക്കറ്റ് നിർമ്മിക്കാൻ കുറഞ്ഞത് 50സെന്റ് സ്ഥലം ആവശ്യമാണ്. വലിയകുളത്ത് നഗരസഭയുടെ വക സ്ഥലം ഇപ്പോൾ ജി.എസ്.ടി വകുപ്പിന്റെ കൈവശത്തിലുണ്ട്. 2018ൽ യു.ഡി.എഫ് ഭരണകാലത്ത് ജി.എസ്.ടി വകുപ്പിന് കെട്ടിടം നിർമ്മിക്കുന്നതിനായി അന്നത്തെ കളക്ടർ ഏറ്റെടുത്ത് കൈമാറിയ ഈ സ്ഥലം തിരികെ വാങ്ങി പുതിയ മാർക്കറ്റ് നിർമ്മിക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. ഇതിന് പകരമായി ജി.എസ്.ടി വകുപ്പിന് മറ്റെവിടെയെങ്കിലും സ്ഥലം നൽകാമെന്ന് നഗരസഭ ഉറപ്പ് നൽകിയാൽ, വകുപ്പ് മേധാവികൾ ഉത്തരവിറക്കി രേഖ ഹാജരാക്കിയെങ്കിലേ മാർക്കറ്റ് നിർമ്മിക്കാൻ കിഫ്ബി ധനസഹായം നൽകുകയുള്ളൂ.

നിലവിലെ മാർക്കറ്റുകൾ

പുലയൻവഴി, സക്കറിയ ബസാർ, വഴി​ച്ചേരി​,കാഞ്ഞിരംചിറ എന്നിവിടങ്ങളിലാണ് നഗരസയുടെ അംഗീകൃത മത്സ്യമാർക്കറ്റുകൾ പ്രവർത്തിക്കുന്നത്. ഇവയ്ക്ക് പുറമേ അനധികൃതമായി പ്രവർത്തിക്കുന്ന മത്സ്യ വിപണനത്തട്ടുകളിൽ നിന്ന് റോഡിലേക്ക് ഒഴുകിയെത്തുന്ന മലിനജലം കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. യാത്രക്കാരുടെ നിരന്തര പരാതിയെ തുടർന്നാണ് പുതിയ മാർക്കറ്റ് നിർമ്മിക്കാൻ നഗരസഭ കൗൺസിൽ തീരുമാനിച്ചത്. കാഞ്ഞിരംചിറ, ബാപ്പുവൈദ്യർ ജംഗ്ഷൻ എന്നിവിടങ്ങളിലെ മത്സ്യവ്യാപാരം, മാളികമുക്ക് മാർക്കറ്റിന്റെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾക്കുശേഷം ഒഴിപ്പിക്കും. അനധികൃതമായി പ്രവർത്തിക്കുന്ന മത്സ്യ വ്യാപാരികൾ നിശ്ചിത ദിവസത്തിനുള്ളിൽ സ്വയം ഒഴിഞ്ഞുമാറുന്നതിനുള്ള നോട്ടീസ് അടുത്ത ദിവസം നഗരസഭ നൽകും.

150 : നഗരത്തിലെ പാതയോരങ്ങളിൽ നൂറ്റമ്പതോളം അനധികൃത മത്സ്യ വില്പന കേനദ്രങ്ങൾ

"നഗരത്തിൽ പാതയോരങ്ങളിൽ പ്രവർത്തിക്കുന്ന മത്സ്യ വില്പനക്കാർക്ക് പുതിയ മാർക്കറ്റിൽ കച്ചവടം നടത്താൻ കഴിയും. കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെയാണ് അത്യാധുനിക മാർക്കറ്റ് നിർമ്മിക്കുന്നത്.

- സൗമ്യരാജ്, ചെയർപേഴ്സൺ