
മൂന്ന് പേർക്ക് പരിക്ക് വീടിന് നേർക്ക് ആക്രമണം ബൈക്ക് കത്തിച്ചു
ചേർത്തല : വാരനാട് കാളികുളത്തിന് സമീപമുണ്ടായ സംഘർഷത്തിനിടെ ശ്രീനാരായണ ഗുരുമന്ദിരം തകർത്ത സംഭവത്തിൽ ഏഴുപേരെ ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേർക്ക് പരിക്കേറ്റു. എസ്.എൻ.ഡി.പി യോഗം 728ാം നമ്പർ വാരനാട് ശാഖായോഗത്തിലെ ശ്രീനാരായണഗുരുമന്ദിരത്തിന് നേരെ 24ന് രാത്രിയിലാണ് ആക്രമണമുണ്ടായത്. ചില്ലുകൾ പൂർണമായും അടിച്ചു തകർത്തു. അക്രമത്തിന്റെ തുടർച്ചയായി വീടിനും കടയ്ക്കും നേരെയും ആക്രമണവുമുണ്ടായി. വാഹനങ്ങളും നശിപ്പിച്ചു.
തണ്ണീർമുക്കം പഞ്ചായത്ത് 22ാം വാർഡിൽ കപ്പേളവെളി വീട്ടിൽ ജോൺ (ജോമി,19), ശബരിപാടത്തു വീട്ടിൽ ഗിരിധർ(23), പുത്തേഴത്തുവെളി വീട്ടിൽ സനത് (21),ഒന്നാം വാർഡ് ഒറ്റത്തെങ്ങുവെളി ശ്രീജിത്ത് (22), 23ാം വാർഡ് ശബരിപാടത്ത് വീട്ടിൽ ആദർശ് (21),നഗരസഭ ഒമ്പതാം വാർഡ് വെളിയിൽ വീട്ടിൽ വിശ്വസാഗർ (22),ശ്രീകൃഷ്ണ നിവാസിൽ രഞ്ജിത്ത് (മനു,23) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ റിമാൻഡ് ചെയ്തു.
24ന് രാത്രി 9.30ഓയാണ് സംഭവങ്ങൾക്ക് തുടക്കം.കാളികുളത്തിനു സമീപം മാനവ സഹായസമിതി മൈതാനിയിൽ നിന്ന് ചേർത്തല കാർത്ത്യായനി ക്ഷേത്രത്തിലേക്ക് തേങ്ങായേറു വഴിപാടു നടന്നിരുന്നു. ഈ വഴിപാടിനു ശേഷം മടങ്ങിയെത്തിയവരും പ്രദേശത്തെ യുവാക്കൾ സംഘടിച്ചു നടത്തിയ കരോൾ സംഘവുമായുണ്ടായ തർക്കമാണ് സംഘർഷത്തിലേക്കെത്തിയത്. ആദ്യഘട്ടത്തിലെ തർക്കത്തിനുശേഷം മടങ്ങിപ്പോയ കരോൾ സംഘത്തിലുണ്ടായിരുന്നവർ 11മണിയോടെ ആയുധങ്ങളുമായി സംഘടിച്ചെത്തി ഗുരുമന്ദിരത്തിന് നേർക്ക് ആക്രമണം നടത്തുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. മന്ത്റി പി.പ്രസാദ്, എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ,ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എസ്.ജ്യോതിസ്, യൂണിയൻ ഭാരവാഹികൾ, ശാഖായോഗം ഭാരവാഹികൾ തുടങ്ങിയവർ സ്ഥലത്തെത്തി.
തേങ്ങായേറ് വഴിപാടു സംഘത്തിലുണ്ടായിരുന്ന തണ്ണീർമുക്കം പഞ്ചായത്ത് 22ാം വാർഡ് മുല്ലപ്പള്ളിവീട്ടിൽ സുനിൽകുമാർ (47),നെടുങ്ങാട്ട് ഉണ്ണിക്കൃഷ്ണൻ (33), അമ്മ സവിത (55) തുടങ്ങിയവർക്കാണ് പരിക്കേറ്റത്. സംഭവത്തിനു ശേഷം പഴംകുളം കവലയിലുള്ള അക്ഷയകേന്ദ്രത്തിനുനേരെയും ആക്രമണമുണ്ടായി. .ചേർത്തല എസ്.ഐ ആർ.വിനോദിന്റെ നേതൃത്വത്തിലാണ് അന്വേഷണം.പ്രദേശമാകെ പൊലീസ് നിരീക്ഷണത്തിലാണ്.
ഇന്നലെ പുലർച്ചെ തണ്ണീർമുക്കം 23ാം വാർഡ് ശ്രീരാമസദനത്തിനു നേരെ ആക്രമണമുണ്ടായി. ഇവിടെ വാടകയ്ക്കു താമസിക്കുന്ന കുടുംബത്തിലെ 17കാരനായ യുവാവിനു സംഘർഷവുമായി ബന്ധമുണ്ടെന്നു ആരോപണം ഉയർന്നിരുന്നു. വീടിനുമുന്നിലെ ഫോട്ടോകൾ അടിച്ചുതകർത്ത സംഘം വീടിന് മുന്നിലിരുന്ന ബൈക്ക് കത്തിച്ചു.