theerthatanam

ചെറുകോൽ: ആത്മബോധോദയ സംഘം ചെറുകോൽ ശ്രീ ശുഭാനന്ദാശ്രമത്തിലേക്ക് വർഷംതോറും നടത്തിവരാറുള്ള ചെറുകോൽ തീർത്ഥാടനത്തിന് ഇന്നലെ തുടക്കം കുറിച്ചു. ആത്മബോധോദയ സംഘം വിശ്വാസികൾ തുടർച്ചയായ 12 വെള്ളിയാഴ്ചകളിലായി അനുഷ്ഠിച്ച വ്രതത്തിന്റെ സമാപ്തികുറിച്ചാണ് തീർത്ഥാടനം നടത്തുന്നത്. ഇന്നലെ രാവിലെ 7.30ന് ചെറുകോൽ സഭയിലെ ആബാലവൃദ്ധം ഭക്തജനങ്ങളും ശുഭാനന്ദ സങ്കീർത്തനങ്ങൾ ആലപിച്ചു ഇരുമുടിക്കെട്ടുമേന്തി പദയാത്രികരായി ആശ്രമാങ്കണത്തിൽ എത്തിച്ചേർന്നു. ആശ്രമാധിപതി ദേവാനന്ദ ഗുരുദേവൻ തീർത്ഥാടകരിൽ നിന്ന് ഇരുമുടിക്കെട്ടുകൾ സ്വീകരിച്ചതോടെ ഈ വർഷത്തെ തീർത്ഥാടനത്തിന് തുടക്കമായി.

തുടർന്ന് വയനാട്, ഗൂഡല്ലൂർ, പുളിക്കീഴ്, ഹരിപ്പാട്, ഇലന്തൂർ,എരുമേലി എന്നീ സ്ഥലങ്ങളിലുള്ള ഭക്തജനങ്ങളും യഥാക്രമം ഇരുമുടിക്കെട്ടുമേന്തി തീർത്ഥാടകരായി എത്തിച്ചേർന്നു. 11.30 ന് ആരംഭിച്ച സമൂഹാരാധനയിൽ ദേവാനന്ദ ഗുരുദേവൻ അനുഗ്രഹപ്രഭാഷണം നടത്തി. 2023 ജനുവരി 1 വരെ നടക്കുന്ന തീർത്ഥാടനത്തിന് എല്ലാ ക്രമീകരണങ്ങളും നടത്തിയതായി ആത്മബോധോദയ സംഘം ശ്രീശുഭാനന്ദാ ട്രസ്റ്റ് സെക്രട്ടറി സ്വാമി ഗീതാനന്ദൻ അറിയിച്ചു.