 
മാന്നാർ: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള 30 വകുപ്പുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇവതമ്മിൽ ഏകീകരണം ഇല്ലാത്തത് അയ്യപ്പഭക്തരെ ബുദ്ധിമുട്ടിലാക്കുന്നുവെന്നും, പരിഹാരമായി പ്രത്യേക നിയമം ആവശ്യമാണെന്നും അഖിലഭാരത അയ്യപ്പ സേവാസംഘം അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ.ഡി.വിജയകുമാർ ആവശ്യപ്പെട്ടു. അയ്യപ്പസേവാസംഘം മാന്നാർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അയ്യപ്പസന്ദേശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിറ്റ് പ്രസിഡന്റ് കെ.ബാലസുന്ദരപണിക്കർ അദ്ധ്യക്ഷത വഹിച്ചു. അഭിഭാഷകവൃത്തിയിൽ കാൽനൂറ്റാണ്ട് പൂർത്തിയാക്കിയ അഡ്വ.കെ.സന്തോഷ്‌കുമാർ, കേരള സൂപ്പർമാർക്കറ്റ് വെൽഫയർ അസോസിയേഷൻ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട രാജേഷ് എൻ.ആർ.സി, മികച്ച പൊതുപ്രവർത്തകനും ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ മാന്നാറിലെ ആദ്യകാല പ്രവർത്തകനുമായ തോട്ടത്തിൽ സുരേന്ദ്രനാഥ്, മികച്ച ഭജൻകലാകാരൻ പൊതുവൂർ കുട്ടൻ എന്നിവരെ മാന്നാർ ഗ്രാമപഞ്ചായത്തംഗം ശാന്തിനി ബാലകൃഷ്ണൻ ചടങ്ങിൽ ആദരിച്ചു. യൂണിറ്റ് സെക്രട്ടറി എം.പി ഹരികുമാർ, ഹരിദാസ് കിം കോട്ടേജ്, ഗണേഷ് പുലിയൂർ, നാരായണൻ കാലത്തിക്കാട്ടിൽ, ബിജു ഭാസ്കർ, ഗോപാലകൃഷ്ണൻ, വിശ്വനാഥൻ വടക്കേയറ്റത്ത്, രാധാകൃഷ്ണൻ കൊച്ചുതറയിൽ, സജു സദാനന്ദൻ, ശ്യാം കുമാർ ശ്രീരംഗം എന്നിവർ സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് സമൂഹ അന്നദാനവും, കർപ്പൂരാഴി, ഭക്തിഗാന സുധ, അയ്യപ്പപൂജ എന്നിവയും നടന്നു.