കുട്ടനാട് : ആത്മീയ,ഭൗതിക ദർശനങ്ങൾക്ക് തുല്യ പ്രാധാന്യം നൽകിയ സന്യാസിവര്യനായിരുന്നു ശ്രീനാരായണ ഗുരുദേവനെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയന്റെ നേതൃത്വത്തിലുള്ള 90-ാമത് ശിവഗിരി- ഗുരുകുലം തീർത്ഥാടന പദയാത്ര മാമ്പുഴക്കരി 442-ാം നമ്പർ ശാഖാങ്കണത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗുരുദേവനാൽ സ്ഥാപിക്കപ്പെട്ടതാണ് എസ്.എൻ.ഡി.പി യോഗവും ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റും. യോഗം ഭൗതിക ദർശനങ്ങളിലും ധർമ്മസംഘം ട്രസ്റ്റ് ആത്മീയ ദർശനങ്ങളിലും അധിഷ്ഠിതമാണ്. ഈ രണ്ട് ചിറകുകളും ഒന്നിച്ച് നിന്നാൽ മാത്രമേ ഗുരുദേവന്റെ ദർശനവും സന്ദേശങ്ങളും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിക്കാൻ കഴിയൂ. വർത്തമാനകാലത്ത് രണ്ട് പ്രസ്ഥാനങ്ങളും ഒന്നിച്ചു മുന്നേറേണ്ടതുണ്ട്. ജാതി,മത വ്യത്യാസം ഇല്ലാതെ അറിവിന്റെ തീർത്ഥാടന പദയാത്ര ആരംഭിച്ചിട്ട് 90വർഷമായി. പദയാത്രയുടെ സന്ദേശം മറ്റുള്ളവരിലേക്ക് എത്രമാത്രം എത്തിക്കാൻ കഴിഞ്ഞു എന്ന് പദയാത്രികരായ ഈഴവർ ആത്മപരിശോധന നടത്തണം. മറ്റുള്ളവരുടെ ആരാധനാലയങ്ങളിലും പദയാത്രകളിലും നമ്മുടെ അംഗങ്ങൾ പോകുന്നുണ്ട്. എന്നാൽ മറ്റുള്ളവർ എ

ത്രമാത്രം ശിവഗിരി പദയാത്രയിൽ പങ്കെടുക്കുന്നുണ്ട് ?

ഗുരുദേവൻ നിർത്തിയ അനാചാരങ്ങൾ, അന്ധവിശ്വാസങ്ങൾ, മനുഷ്യകുരുതി, ലഹരിയുടെ അതിപ്രസരം തുടങ്ങിയവ വീണ്ടും സമൂഹത്തിൽ വർദ്ധിക്കുന്ന അവസ്ഥാവിശേഷമാണ് നിലനിൽക്കുന്നത്. ഇത്തരം വിപത്തുകൾക്ക് എതിരെ കണ്ണുതുറക്കാനും മാറ്റങ്ങൾക്കു വേണ്ടി പ്രവർത്തിക്കാനുമായി 90-ാമത് തീർത്ഥാടന പദയാത്രക്ക് കൂടുതൽ ഊന്നൽ നൽകണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.. യൂണിയൻ വൈസ് പ്രസിഡന്റ് എം.ഡി.ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. സ്വാമി ശിവബോധാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. യൂണിയൻ കൺവീനർ സന്തോഷ് ശാന്തി സ്വാഗതം പറഞ്ഞു.

നിറത്തെ വെറുക്കുന്നത് ജനപ്രതിനിധിക്ക് ചേർന്നതല്ല : വെള്ളാപ്പള്ളി

കറുത്തവരുടെ വോട്ട് മേടിച്ച് ജയിച്ച ശേഷം അവരുടെ നിറത്തെ പോലും വെറുക്കുന്നത് ജനപ്രതിനിധിക്ക് ചേർന്നതല്ലെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.കറുപ്പു നിറത്തിന്റെ പേരിൽ ഒരു വനിതയെ ഭാര്യ ആക്ഷേപിച്ചപ്പോൾ അത് തിരുത്താനുള്ള ആർജ്ജവമെങ്കിലും ജനപ്രതിനിധിയായ ഭർത്താവിന് ഇല്ലാത് പോയത് ലജ്ജിപ്പിക്കുന്നതാണ്. ജനപിന്തുണയും അണികളും ഇല്ലാത്ത ജനനേതാവ് ചേട്ടന്റെ അനുജൻ കോന്തക്കുറുപ്പ് എന്ന രീതിയിലാണ് പ്രവർത്തിക്കുന്നതെന്നേ പറയാൻ കഴിയൂ. ഒരുകടത്തു വള്ളത്തിൽ കയറാനുള്ള ആളില്ലാത്തവർക്ക് ജനപ്രതിനിധിയാകാൻ അവസരം ലഭിച്ചത് ഇടതുമുന്നണിയുടെ ഔദാര്യം കൊണ്ടുമാത്രമാണ്. കറുപ്പ്, വെളുപ്പ് എന്ന പേരിലുള്ള വേർതിരിവ് ജനങ്ങളെ ഭിന്നിപ്പിക്കാനേ കഴിയൂ. കറുപ്പും വെളുപ്പും നോക്കിയല്ല പ്രളയകാലത്ത് കുട്ടനാട്ടുകാർ കണിച്ചുകുളങ്ങരയിലെ ക്യാമ്പിൽ എത്തിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.