police
കിടങ്ങാം പറമ്പ് ക്ഷേത്രത്തിൽ പൊലീസ് അതിക്രമം

കിടങ്ങാം പറമ്പ് ക്ഷേത്രത്തിൽ പൊലീസ് അതിക്രമം

ആലപ്പുഴ : കിടങ്ങാംപറമ്പ് ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പൊലീസ് ലാത്തി വീശിയ സംഭവത്തിൽ ആലപ്പുഴ നോർത്ത് എസ്.ഐ മനോജിനെ ജില്ലാ ആസ്ഥാനത്തേക്ക് മാറ്റി. സി.ഐ എം.കെ.രാജേഷ് അവധിയിൽ പ്രവേശിച്ചു. ഇന്നലെ ക്ഷേത്രയോഗം പ്രസിഡന്റ് ഷാജി കളരിക്കലിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ആലപ്പുഴ സബ് കളക്ടർ സൂരജ് ഷാജി ക്ഷേത്രത്തിലെത്തി മൊഴി രേഖപ്പെടുത്തി. 24ന് രാത്രി 10.30ന് ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയുടെ സമയം സംബന്ധിച്ച് പൊലീസും ക്ഷേത്ര ഭാരവാഹികളും നാട്ടുകാരുമായി ഉണ്ടായ തർക്കം ലാത്തിവീശലിൽ കലാശിക്കുകയായിരുന്നു. സ്ത്രീകൾ ഉൾപ്പെടെ നിരവധിപേർക്ക് പരിക്കേറ്റു. 10മണിവരെയായിരുന്നു ഗാനമേളയ്ക്ക് പൊലീസ് സമയം അനുവദിച്ചിരുന്നത്. പരിപാടി അവസാനിപ്പിക്കാൻ ഒരുങ്ങിയപ്പോൾ ആസ്വാദകരുടെ ആഗ്രഹപ്രകാരം ഒരു ഗാനംകൂടി പാടണമെന്ന് ആവശ്യം ഉയർന്നു. പാട്ട് ആരംഭിച്ചപ്പോൾ എസ്.ഐ വേദിയിൽ കയറി മൈക്ക് ഓഫാക്കി. ഇത് ചോദ്യം ചെയ്ത ക്ഷേത്രഭാരവാഹികളുടെയും നാട്ടുകാരുടെയും നേർക്ക് പൊലീസ് ലാത്തിവീശുകയായിരുന്നു. പരിക്കേറ്റവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ആലപ്പുഴ ഡിവൈ എസ്.പി എൻ.ആർ.ജയരാജ് ഭാരവാഹികളുമായി നടത്തിയ ചർച്ചയിൽ പരിപാടി നടത്തുന്നതിന് കുറച്ചുകൂടി സമയം ദീർഘിപ്പിച്ച് നൽകിയതിനെ തുടർന്നാണ് സംഘർഷം ഒഴിവായത്. ക്ഷേത്രമതിൽക്കെട്ടിനകത്ത് കയറി പൊലീസ് നടത്തിയ അതിക്രമത്തിനെതിരെ ക്ഷേത്രഭാരവാഹികൾ കളക്ടർ, ജില്ലാ പൊലീസ് മേധാവി, എം.എൽ.എ, എം.പി എന്നിവർക്ക് പരാതി നൽകി. ഇന്നലെ കളക്ടർ കൃഷ്ണതേജ, ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ, എ.ഡി.എം സന്തോഷ് കുമാർ, ആലപ്പുഴ ഡിവൈ എസ്.പി എന്നിവരും ക്ഷേത്രത്തിൽ എത്തി ഭാരവാഹികളുമായി ചർച്ച നടത്തി.