
കുട്ടനാട് : പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന്റെ ഭാഗമായുള്ള ചക്കുളത്തമ്മയുടെ തിരുവാഭരണ ഘോഷയാത്ര ഇന്നലെ നടന്നു. തിരുഏറങ്കാവ് ക്ഷേത്രസന്നിധിയിൽ നിന്ന് വൈകിട്ട് 3ന് ആരംഭിച്ച ഘോഷയാത്ര രാത്രി 9ഓടെ ചക്കുളത്തുകാവ് ക്ഷേത്ര സന്നിധിയിലെത്തി. ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റും മുഖ്യകാര്യ ദർശിയുമായ രാധാകൃഷ്ണൻ നമ്പൂതിരി, മുഖ്യകാര്യ ദർശി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, മാനേജിംഗ് ട്രസ്റ്റിയും കാര്യദർശിയുമായ മണിക്കുട്ടൻ നമ്പൂതിരി,കാര്യദർശിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേകം പൂജകൾ നടത്തിയാണ് പുഷ്പാലംകൃതമായ രഥത്തിൽ തങ്ക തിരുവാഭരണംഎഴുന്നള്ളിച്ചത്.
അമൂല്യ രത്നങ്ങൾ പതിപ്പിച്ച എട്ട് തൃക്കൈകളും ആഭരണങ്ങളും കിരീടവും അടങ്ങിയ തങ്ക തിരുവാഭരണം വഹിക്കുന്ന രഥവും ചക്കുളത്തമ്മയുടെ ദുർഗ്ഗാദേവി ഭാവത്തിലുള്ള വിഗ്രഹം വഹിക്കുന്ന രഥവും ഘോഷയാത്രയിൽ ഭക്തർക്ക് ദർശനപുണ്യമായി. രമേശ് ഇളമൻ നമ്പൂതിരി,നന്ദനൻ നമ്പൂതിരി,രാജേഷ് നമ്പൂതിരി,ആനന്ദ് നമ്പൂതിരി,വിനോദ് നമ്പൂതിരി,ശബരി നമ്പൂതിരി എന്നിവർ നേതൃത്വം വഹിച്ചു.
ദേവന്മാരുടേയും പുരാണേതിഹാസ സന്ദർഭങ്ങളുടെയും ഇരുപതോളം ഫ്‌ളോട്ടുകൾ ഘോഷയാത്രയുടെ പ്രധാന ആകർഷണമായിരുന്നു. കാവടിയാട്ടം, പമ്പമേളം,പഞ്ചവാദ്യം, ശിങ്കാരിമേളം എന്നീ വിഭാഗങ്ങളിലായി 300ൽ പരം കലാകാരന്മാർ ഘോഷയാത്രയ്ക്ക് അകമ്പടിയായി അണിനിരന്നു. തിരുവാഭരണഘോഷയാത്ര കടന്നുവന്ന കാവുംഭാഗം,മണിപ്പുഴ,പൊടിയാടി,വൈക്കത്തില്ലം,നെടുമ്പ്രം,നീരേറ്റുപുറം തുടങ്ങിയ ഭാഗത്തെ ക്ഷേത്രങ്ങളിലേയും ഭക്തരുടെയും വിവിധ സംഘടനകളുടേയും നേതൃത്വത്തിൽ ഭക്തിനിർഭരമായ സ്വീകരണം നൽകി. ഘോഷയാത്ര ക്ഷേത്രത്തിലെത്തിയപ്പോൾ, ട്രസ്റ്റിയും മേൽശാന്തിയുമായ രഞ്ജിത്ത് ബി.നമ്പൂതിരി, അശോകൻ നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി, മേൽശാന്തിമാരായ ജയസൂര്യ നമ്പൂതിരി, ഹരിക്കുട്ടൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ തങ്ക തിരുവാഭരണം ചാർത്തി അഷ്ടഐശ്വര്യ ദീപാരാധന നടത്തി. എം.പി രാജീവ് , പി.കെ.സ്വാമിനാഥൻ, ബിജു തലവടി, അജിത്ത്കുമാർ പിഷാരത്ത്, പ്രസന്നകുമാർ തുടങ്ങിയവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.
ആറാട്ടും കൊടിയിറക്കും ഇന്ന്
ഇന്ന് രാവിലെ ഒമ്പതിന് ആനപ്രമ്പാൽ ശ്രിധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന കാവടി കരകം വരവും ശ്രീമുത്താരമ്മൻ കോവിലിൽ നിന്നെത്തുന്ന എണ്ണക്കുടം വരവും ഉച്ചയോടെ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെത്തിച്ചേരും. തുടർന്ന് പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന് സമാപനം കുറിച്ചു ആറാട്ടും കൊടിയിറക്കും മഞ്ഞൾനീരാട്ടും നടക്കും.