d
പുന്നമടയിൽ സഞ്ചാരികളും നാട്ടുകാരും ഏറ്റുമുട്ടി

ആലപ്പുഴ : പുന്നമടയിൽ ടൂറിസം പൊലീസിനെ കാഴ്ചക്കാരാക്കി സഞ്ചാരികളും നാട്ടുകാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് വിനോദ സഞ്ചാരികൾക്ക് പരിക്കേറ്റു. ഇവർ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സഞ്ചാരികളുടെ പരാതിയെ തുടർന്ന് ഹൗസ്ബോട്ടുടമ ഉൾപ്പെടെ രണ്ടുപേർക്കെതിരെ നോർത്ത് പൊലീസ് കേസെടുത്തു.

ഇന്നലെ വൈകിട്ട് 5.30ന് പുന്നമട ഫിനിഷിംഗ് പോയിന്റിലാണ് സംഭവം. സ്ത്രീകൾ ഉൾപ്പെടെ പത്തംഗ സംഘം പുന്നമടയിൽ എത്തിയ രണ്ട് കാറുകളിൽ ഒന്ന് ഈ ഭാഗത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കിൽ മുട്ടിയെന്ന് ആരോപിച്ച് ഹൗസ് ബോട്ട് ഉ‌ടമയും പ്രദേശവാസികളും ഇടപെട്ടു. ഇവരും സഞ്ചാരികളുമായി വാക്കേറ്റം നടക്കുന്നതിനിടെ , ഹൗസ്ബോട്ട് പരിശോധിക്കാൻ മൂന്നംഗ ടൂറിസം പൊലീസ് സംഘവും സ്ഥലത്തെത്തി. വാക്കേറ്റം രൂക്ഷമായപ്പോൾ എസ്.ഐ ജയറാം ഇടപെട്ട് രംഗം ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും ഇരുവിഭാഗവും സംഘർഷത്തിലേക്ക് നീങ്ങി. ഹൗസ് ബോട്ട് ഉടമയെ സഞ്ചാരികൾ മർദ്ദിക്കുന്നത് കണ്ട പ്രദേശവാസി ടൈൽ ഉപയോഗിച്ച് ഒരു സഞ്ചാരിയുടെ തല അടിച്ചു പൊട്ടിച്ചു. സംഘർഷം രൂക്ഷമാകുന്നത് കണ്ട എസ്.ഐ കൺട്രോൾ റൂമിൽ വിവരം അറിയിച്ചതിനെത്തുടർന്ന് കൂടുതൽ പൊലീസ് സ്ഥലത്ത് എത്തി രംഗം ശാന്തമാക്കി. പരിക്കേറ്റവർ സ്വയം ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.