കുട്ടനാട് : ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങൾ ലോകമെമ്പാടും പ്രചരിപ്പിച്ച മഹാനായിരുന്നു നടരാജഗുരു എന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗം കുട്ടനാട് സൗത്ത് യൂണിയനിലെ പ്രഥമ ശിവഗിരി - ഗുരുകുലം തീർത്ഥാടന പദയാത്ര എടത്വയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശിവഗിരി മഠവും ഗുരുകുലവും യോഗത്തിന് തുല്യമാണ്. ആഗോള തലത്തിൽ ശ്രീനാരായണ ദർശനങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ കേന്ദ്രബിന്ദുവാണ് ശ്രീനാരായണ ഗുരുകുലമെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും മാറിമാറി വന്ന സർക്കാരുകൾ കുട്ടനാടിനോട് നീതി പുലർത്തിയില്ല. ഇവിടുത്തെ ജനം വേഴാമ്പലിനെപ്പോലെ കുടിവെള്ളത്തിനായി കേഴുന്നു. പാടവരമ്പത്ത് ബലക്ഷയമായ വീടുകളിൽ ദുരിതത്തിലാണ് ഇവർ കഴിയുന്നത്. കുട്ടനാട്ടിലെ ജനസംഖ്യയിൽ 75 ശതമാനവും ഈഴവരാദി പിന്നാക്ക വിഭാഗമാണ്. വായ്പയെടുത്ത് കൃഷിയിറക്കിയ കർഷകർക്ക് പോലും, സർക്കാർ സംഭരിക്കുന്ന നെല്ലിന്റെ വില കൃത്യമായി നൽകാത്തതിനാൽ അടുത്ത കൃഷിയിറക്കാനാകാത്ത അവസ്ഥയാണ് എവിടെയും. കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്. എസ്.എൻ.ഡി.പി യോഗത്തിന്റെ ചങ്കാണ് കുട്ടനാട്. ടി.കെ.മാധവൻ യോഗത്തിന്റെ സംഘടനാ പ്രവർത്തനത്തിന് തുടക്കമിട്ടത് കുട്ടനാട്ടിലാണ്. സമുദായ താത്പര്യങ്ങൾക്ക് വേണ്ടി നിലപാട് സ്വീകരിക്കുന്ന ജനതയാണ് കുട്ടനാട്ടിലുള്ളത്. ഗുരുദേവ സന്ദേശങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതോടൊപ്പം ഒന്നിച്ച് നിന്ന് പോരാടിയാൽ മാത്രമേ അവകാശപ്പെട്ടത് നേടിയെടുക്കാൻ കഴിയുകയുള്ളൂവന്നും വെള്ളാപ്പള്ളി പറഞ്ഞു.
പദയാത്ര ക്യാപ്ടൻ കൂടിയായ യൂണിയൻ ചെയർമാൻ പച്ചയിൽ സന്ദീപ് അദ്ധ്യക്ഷത വഹിച്ചു. വെള്ളാപ്പള്ളി നടേശൻ ക്യാപ്ടന് ധർമ്മപതാക കൈമാറി. സ്വാഗതസംഘം ചെയർമാൻ പി.വി.സന്തോഷ് പദയാത്ര സന്ദേശം പകർന്നു. എബിൻ അമ്പാടി പങ്കെടുത്തു. പദയത്രയോടൊപ്പമുള്ള രഥത്തിലെ ശ്രീനാരായണ ഗുരുദേവ പ്രതിമയ്ക്ക് മുന്നിൽ യൂണിയൻ വൈദികയോഗം പ്രസിഡന്റ് സുജിത്ത് തന്ത്രി ദീപം തെളിച്ചു. യൂണിയൻ കൺവീനർ അഡ്വ. പി.സുപ്രമോദം സ്വാഗതം പറഞ്ഞു.