ph
എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ കൺവീനർ സന്തോഷ് ശാന്തി നയിക്കുന്ന ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് കായംകുളം യൂണിയൻ സ്വീകരണം നൽകുന്നു

കായംകുളം: എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ കൺവീനർ സന്തോഷ് ശാന്തി നയിക്കുന്ന ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് കായംകുളം യൂണിയൻ സ്വീകരണം നൽകി. യൂണിയൻ പ്രസിഡന്റ് വി. ചന്ദ്രദാസ്, സെക്രട്ടറി പി. പ്രദീപ് ലാൽ, യൂണിയൻ കൗൺസിലർമാരായ പനയ്ക്കൽ ദേവരാജൻ, ബാബു മുനമ്പേൽ, വിഷ്ണു പ്രസാദ്, പി.എസ്. ബേബി, കൃഷ്ണപ്രസാദ് എന്നിവർ നേതൃത്വം നൽകി. മാന്നാറിൽ നിന്നു പദയാത്രയ്ക്കൊപ്പം ചേർന്ന നായ കൗതുകമായി. പദയാത്രികരെ സ്വീകരിക്കുന്നതിനൊപ്പം നായയെയും യൂണിയൻ ഭാരവാഹികൾ സ്വീകരിച്ചു.

ഇലവൻതിട്ടയിൽ സരസ കവി മൂലൂരിന്റെ ഭവനം ഗുരുദേവൻ സന്ദർശിച്ചപ്പോൾ മൂലൂർ വളർത്തിയിരുന്ന നായ മുൻകാലുകൾ നിവർത്തി നമസ്കരിക്കുന്ന അവസരത്തിൽ ഗുരുദേവൻ നായയുടെ ശിരസിൽ തലോടിക്കൊണ്ട് 'നീയും മൂലൂരിനെ പോലെ സംസ്കൃതം പഠിച്ചിട്ടുണ്ടോ, നമ്മെ മനസിലാക്കാൻ' എന്ന് ചോദിച്ചതായി ചരിത്രരേഖകളിൽ സൂചിപ്പിക്കുന്നുണ്ട്. ഇക്കാര്യം യൂണിയൻ ഭാരവാഹികൾ അനുസ്മരിച്ചു. പരമശിവനും പാർവതിയും ദീർഘകാലം നായയുടെ രൂപം പൂണ്ട് കഴിഞ്ഞിരുന്നതായി പുരാണങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ശിവ സങ്കല്പ ക്ഷേത്രമായ മുത്തപ്പന്റെ ക്ഷേത്രത്തിൽ നായ്ക്കൾക്ക് പ്രത്യേക സ്ഥാനമാണ് നൽകുന്നത്. അർഹമായ പരിഗണനയും പരിചരണവും നൽകി നായയെ പദയാത്രയ്ക്കൊപ്പം യാത്രയാക്കി.