 
മാന്നാർ: ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചെത്തുന്ന പദയാത്രാ സംഘത്തിന് കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ വൈദ്യസഹായം ലഭ്യമാക്കുമെന്ന് കരുണയുടെ ചെയർമാൻ സജി ചെറിയാൻ എം.എൽ.എ പറഞ്ഞു. 90-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയനിലെ ചെങ്ങളംവടക്ക് 267-ാം നമ്പർ ശാഖായോഗത്തിലെ പദയാത്ര സംഘത്തിന് മാന്നാർ യൂണിയൻ നൽകിയ സ്വീകരണത്തിൽ പങ്കെടുക്കുകയായിരുന്നു സജി ചെറിയാൻ. മാന്നാർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ ദയകുമാർ ചെന്നിത്തല,നുന്നു പ്രകാശ്, വനിതാസംഘം വൈസ് ചെയർപേഴ്‌സൺ സുജാത, രേഖ വിജയകുമാർ, ശാഖ ഭാരവാഹികളായ സുധാകരൻ സർഗം, വി.എൻ.തങ്കപ്പൻ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.