ആലപ്പുഴ : സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ മോബൈൽ ഫോണിൽ പകർത്തി സൂക്ഷിച്ച സംഭവത്തിൽ ആരോപണ വിധേയനായ ഏരിയ കമ്മറ്റി അംഗത്തിനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് സി.പി.എം ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടതായറിയുന്നു. ഇന്നലെ നടന്ന ഏരിയ കമ്മിറ്റി യോഗത്തിൽ ഒരു മുതിർന്ന അംഗം ഉയർത്തിയ ആവശ്യം കമ്മിറ്റി ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു.
നിരവധി സ്ത്രീകളുടെ ദൃശ്യങ്ങൾ ആരോപണവിധേയന്റെ ഫോണിലുള്ളതായാണ് വിവരം. ഇവരിൽ ചില സ്ത്രീകൾ പരാതിയുമായി നേതൃത്വത്തിന് മുന്നിലെത്തുകയായിരുന്നു. ദൃശ്യങ്ങൾ കാട്ടി നേതാവ് ഭീഷണിപ്പെടുത്തിയതായാണ് പരാതി. ഇതേത്തുടർന്ന് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശാനുസരണം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എ.മഹേന്ദ്രൻ, ജി.രാജമ്മ എന്നിവർ അംഗങ്ങളായുള്ള കമ്മീഷൻ കഴിഞ്ഞ ദിവസം അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഏരിയ കമ്മിറ്റി ഇന്നലെ അടിയന്തരമായി യോഗം ചേർന്നത്. പൊലീസിൽ പരാതി നൽകാതെ ഒരുവിഭാഗം നേതാക്കൾ ഇടപെട്ട് സംസ്ഥാന നേതൃത്വത്തിന് പരാതി നൽകുകയായിരുന്നു. തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങളിൽ ഈ നേതാവിനെതിരെ സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്നിരുന്നെങ്കിലും ഇതിനെയെല്ലാം മറികടന്നാണ് ഏരിയ കമ്മിറ്റിയിൽ എത്തിയത്.