കുട്ടനാട്: ഗുരുധർമ്മ പ്രചരണസഭ ശിവഗിരിമഠം കാവാലം കുന്നുമ്മ അഹം ബ്രഹ്മാസ്മി യൂണിറ്റ് നാടിന് മാതൃകയായി. തീർത്ഥാടനത്തിന്റെ ഭാഗമായി ശിവഗിരിയിലെത്തുന്ന മുഴുവൻ ഭക്തർക്കും ഉച്ചയ്ക്ക് ആഹാരം വിളമ്പുന്ന ഗുരുപൂജ സദ്യയ്ക്ക് ആവശ്യമായ അരിയും പച്ചക്കറിയുമടങ്ങുന്ന വിഭവങ്ങൾ വീടുകളിൽ നിന്നു ശേഖരിച്ചു ശിവഗിരിയിലെത്തിച്ചു നൽകിയതിനൊപ്പം ഗുരുസന്ദേശ പ്രചാരണം കൂടി യൂണിറ്റ് ഏറ്റെടുത്തിട്ടുണ്ട്. 200 കിലോ അരി, 50 വാഴക്കുല, തേങ്ങ, ചേന, വെളളരിക്ക തുടങ്ങിയവയാണ് കാണിക്കയായി സമർപ്പിച്ചത്. യൂണിറ്റ് രക്ഷാധികാരിയും കുട്ടനാട് ജോയിന്റ് സെക്രട്ടറിയും ഗുരുധർമ്മ പ്രചാരകയുമായ കെ.പി. രാജേശ്വരി, പ്രസിഡന്റ് എം.സി. മംഗളൻ, സരളമ്മ കലവറശ്ശേരിൽ എന്നിവർ നേതൃത്വം നൽകി. ഇതോടനുബന്ധിച്ച് നടന്ന യൂണിറ്റ് സമ്മേളനം കുട്ടനാട് മണ്ഡലം പ്രസിഡന്റ് എം.എസ്. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. എം.സി. മംഗളൻ അദ്ധ്യക്ഷനായി. കെ.പി. രാജേശ്വരി മഠത്തിൽശേരിൽ മുഖ്യപ്രഭാഷണം നടത്തി. എം.ആർ. ഹരിദാസ് സ്വാഗതവും ട്രഷറർ അശ്വതി ശ്രിജിത്ത് നടുവത്തുശ്ശേരിൽ നന്ദിയും പറഞ്ഞു.