ആലപ്പുഴ: ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിന്റെ രണ്ടാം ഘട്ട നിർമ്മാണോദ്ഘാടനം മന്ത്രി വി.അബ്ദുൾ റഹ്‌മാൻ നിർവ്വഹിച്ചു. ടൗൺഹാളിനു മുന്നിൽ നിന്നും വർണാഭമായ ഘോഷയാത്രയോടെയായാണ് സമ്മേളനം ആരംഭിച്ചത്. ആലപ്പുഴ നഗരസഭയുടെ അധീനതയിലുള്ള സ്റ്റേഡിയം സംസ്ഥാന കായിക വകുപ്പ് 10.92 കോടി രൂപ അടങ്കലിൽ കിഫ്ബി സഹായത്തോടെയാണ് തുടർ നിർമ്മാണവും, നവീകരണവും നടത്തുന്നത്. ഉദ്ഘാടന സമ്മേളനത്തിൽ എച്ച്.സലാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് സ്വാഗതം പറഞ്ഞു. അഡ്വ.എ.എം ആരിഫ് എം.പി , പി.പി ചിത്തരഞ്ജൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി എന്നിവർ മുഖ്യാതിഥികളായി. നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.ബാബു, ബീനരമേശ്, ബിന്ദുതോമസ്, സ്റ്റേഡിയം വാർഡ് കൗൺസിലർ ബി.അജേഷ്, നഗരസഭ പാർലമെന്ററി പാർട്ടി ലീഡർ എം.ആർ പ്രേം, നഗരസഭ സെക്രട്ടറി ബി.നീതുലാൽ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഭാരവാഹികളായ പി.ജെ ജോസഫ്, വി.ജി.വിഷ്ണു,എൻ.പ്രദീപ്കുമാർ, നഗരസഭ സെക്രട്ടറി ബി.നീതുലാൽ തുടങ്ങിയവർ സംസാരിച്ചു. സ്‌പോർട്‌സ് ഡയറക്ടറേറ്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ബാബു രാജൻ പിള്ള റിപ്പോർട്ട് അവതരിപ്പിച്ചു.
പ്രതിപക്ഷം ബഹിഷ്കരിച്ചു
ഇ.എം.എസ് സ്റ്റേഡിയത്തിന്റെ രണ്ടാംഘട്ട നിർമ്മാണോദ്ഘാടന സമ്മേളനം പ്രതിപക്ഷം ബഹിഷ്ക്കരിച്ചു.
2008 ൽ വി.എസ്.അച്ച്യുതാനന്ദൻ ഉദ്ഘാടനം ചെയ്ത സ്റ്റേഡിയത്തിൽ കഴിഞ്ഞ 14 വർഷക്കാലമായി ഒരു കുട്ടിയും കോലും മത്സരം പോലും സംഘടിപ്പിക്കാതെ രണ്ടാം ഘട്ട നിർമ്മാണോദ്ഘാടനം എന്ന പ്രഹസന നാടകം നടത്തുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.