മുഹമ്മ : എസ്.എൻ.വി എൽ.പി സ്കൂളിൽ പുതുതായി നിർമിച്ച സ്മാർട്ട് ക്ലാസ്സ് റൂം മന്ത്രി പി പ്രസാദ് ഇന്ന് ഉദ്ഘാടനം ചെയ്യും. പുല്ലമ്പാറ പി.കെ. സുകുമാരൻ -ഡി.ശ്രീകുമാരി ടീച്ചർ ഫൌണ്ടേഷനാണ് ക്ലാസ് റൂം നിർമിച്ചു നൽകുന്നത്.
ഒരേസമയം 40ൽ അധികം കുട്ടികൾക്ക് ഇവിടെ പഠനം നടത്താൻ കഴിയും. കമ്പ്യൂട്ടർ, പ്രൊജക്ടർ, ലൈബ്രറി, ഡിജിറ്റൽ പഠനമുറി ഉൾപ്പെടെ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് ക്ലാസ്സ് മുറിയെന്ന് ഫൗണ്ടേഷൻ ചെയർമാൻ ശ്രീജിത്ത് സുകുമാരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇന്ന് വൈകിട്ട് 4 ന് സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു അദ്ധ്യക്ഷയാകും. ഡിജിറ്റൽ പഠനമുറി എ. എം.ആരിഫ് എം.പിയും, ലൈബ്രറി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രനും ഉദ്ഘാടനം ചെയ്യും. മാധ്യമ പ്രവർത്തകൻ ടി.കെ. ശശിധര പണിക്കരെയും ഓൾ ഇന്ത്യ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉയർന്ന മാർക്കോടെ വിജയിച്ച സ്കൂളിലെ പൂർവ വിദ്യാർത്ഥിനി ശ്രീക്കുട്ടിയെയും ആദരിക്കും. ആര്യക്കര യുവജ്യോതി കലാ സംസ്കാരിക ഗ്രന്ഥശാല - വായനശാലയ്ക്ക് ഫൗണ്ടേഷൻ വാങ്ങി നൽകുന്ന പുസ്തകങ്ങൾ ചടങ്ങിൽ നൽകും. സമ്മേളനത്തിന് മുമ്പ് ആലപ്പുഴ വേദിക നാടൻ കലാപഠന കേന്ദ്രത്തിന്റെ നാടൻപാട്ടും, അനിൽ വാരണം അവതരിപ്പിക്കുന്ന വൺമാൻ ഷോയും, കുട്ടികളുടെയും രക്ഷകർത്താക്കളുടെയും കലാപരിപാടികളും ഉണ്ടായിരിക്കും. വാർത്താസമ്മേളനത്തിൽ പഞ്ചായത്ത് അംഗം അഡ്വ.ലതീഷ് ബി.ചന്ദ്രൻ, പ്രധാനാദ്ധ്യാപിക ടി.സി.സിബി , റെനി ശ്രീജിത്ത്, പി.ടി.എ പ്രസിഡന്റ് ബി.സുദർശനൻ എന്നിവർ പങ്കെടുത്തു.