grass
വള്ളികുന്നം ചിറയിലെ കാടും പടലും സി.പി.എം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെട്ടിത്തെളിക്കുന്നു

ആലപ്പുഴ : കാടും പടലും മൂടി ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി മാറിയ വള്ളികുന്നം ചിറയിലെ കാടും പടലും സി.പി.എം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെട്ടിവൃത്തിയാക്കി. ചിറയും പരിസരവും കാട് മൂടി പാമ്പുകളുടെ താവളമായി മാറിയത് സംബന്ധിച്ച് കേരള കൗമുദിയിൽ വാർത്ത വന്നതിന് പിന്നാലെയാണ് പാർട്ടി പ്രാദേശിക ഘടകം മുൻകൈയ്യെടുത്ത് പുല്ലും പാഴ്ചെടികളും വെട്ടിനീക്കിയത്. കാഞ്ഞിരത്തുംമൂട്- പുത്തൻ ചന്ത റോഡിലേക്ക് കാടും പടലും വളർന്നതിനാൽ വാഹനങ്ങൾ വന്നാൽ ഒഴിഞ്ഞുനിൽക്കാൻപോലും കഴിയാതെ യാത്രക്കാർ ദുരിതത്തിലായിരുന്നു. റോഡരികിലെ കുറ്രിക്കാട്ടിലേക്ക് മാലിന്യ നിക്ഷേപം വർദ്ധിച്ചതോടെ ഇഴജന്തുക്കളുടെയും തെരുവ്നായ്ക്കളുടെയും ശല്യവും പെരുകി. വള്ളികുന്നം അമൃത സ്കൂൾ, പടയണിവെട്ടം എൽ.പി.എസ് എന്നിവിടങ്ങളിലെ കുട്ടികൾ ഉൾപ്പെടെ യാത്രയ്ക്ക് ആശ്രയിക്കുന്ന റോഡിൽ ഇഴജന്തുക്കളുടെയും നായ്ക്കളുടെയും ശല്യം വർദ്ധിച്ചതോടെ നാട്ടുകാരുടെ ദുരിതം ചൂണ്ടിക്കാട്ടിയായിരുന്നു കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചത്.