
ചാരുംമൂട്: കെ-പി റോഡിൽ നൂറനാട് ഐ.ടി.ബി.പി ജംഗ്ഷനു സമീപം ആക്ടിവ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യയെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
താമരക്കുളം കിഴക്ക് മുറി മണ്ണമ്പള്ളി സോമൻ പിള്ള (70)യാണ് മരിച്ചത്. ഭാര്യ ഉഷാദേവി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചയ്ക്ക് 2.45 നാണു സംഭവം. തത്തംമുന്ന വടശ്ശേരി ക്ഷേത്ര ദർശനം കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന ആക്ടീവ സ്കൂട്ടറും അടൂർ ഭാഗത്തു നിന്നു കറ്റാനത്തേക്കു പോയ കാറുമാണ് ഇടിച്ചത്. പ്രദേശവാസികൾ ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സോമൻ പിള്ളയുടെ ജീവൻ രക്ഷിക്കാനായില്ല. താമരക്കുളത്തെ അറിയപ്പെടുന്ന കർഷകനാണ് ഇദ്ദേഹം. കൊട്ടാരക്കര എഴുകോൺ സ്വദേശിയുടെ കാറാണ് ഇടിച്ചത്. കാർ നൂറനാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു കായംകുളം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം വിട്ടു നൽകും. മക്കൾ: ശ്രീലക്ഷ്മി, ഹരികൃഷ്ണൻ.