ആലപ്പുഴ : പുന്നമടയിൽ പാലം നിർമ്മാണത്തിനുള്ള പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റിന് കിഫ്ബി അംഗീകാരം നൽകി.പാലം നിർമ്മാണത്തിന് 56കോടി രൂപയും സ്ഥലം ഏറ്റെടുക്കലിന് എട്ട് കോടിരൂപയുമാണ് വകകൊള്ളിച്ചിരിക്കുന്നത്. വേമ്പനാട് കായലിന് കുറുകെ പുന്നമടയിലാണ് പാലംവരുന്നത്.
പുതുവർഷത്തിന്റെ ആരംഭത്തിൽ പദ്ധതി ആരംഭിക്കാനായിരുന്നു നേരത്തേ ലക്ഷ്യമിട്ടിരുന്നതെങ്കിലും പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം ലഭിക്കാനുണ്ടായ കാലതാമസം വിനയായി. വർഷങ്ങളായി നെഹ്രു ട്രോഫി വാർഡിലെ നൂറുകണക്കിന് കുടുംബങ്ങൾ അനുഭവിക്കുന്ന യാത്രാദുരിതത്തിന് പാലം എത്തുന്നതോടെ വിരാമമാകും.ഇപ്പോൾ പ്രദേശവാസികൾക്ക് നഗരത്തിലെത്താൻ കടത്തുവള്ളം മാത്രമാണ് ആശ്രയം. മുൻമന്ത്രി തോമസ് ഐസക് മുൻകൈയെടുത്താണ് പാലം നിർമ്മിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. പാലത്തിന്റെ നിർമ്മാണത്തിന് 48കോടി രൂപയും സ്ഥലം ഏറ്റെടുക്കലിന് നാല് കോടിരൂപയും കിഫ്ബിയിൽ നിന്ന് അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ തുക അപര്യാപ്തമെന്നതിനാലാണ് എസ്റ്റിമേറ്റ് പുതുക്കിയത്. ഭൂമി ഏറ്റെടുക്കൽ പൂർത്തീകരിക്കുന്നതിലെ കാലതാമസമാണ് പാലം നിർമ്മാണം വൈകിപ്പിക്കുന്നത്. പ്രദേശത്തിന്റെ പ്രത്യേകതകൾ കണക്കിലെടുത്ത് ആദ്യ അലൈൻമെന്റിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ വിഞ്ജാപനത്തിൽ സ്‌പോർട്സ് അതോറിട്ടി ഒഫ് ഇന്ത്യയുടെ സ്ഥലം ആദ്യം ഉൾപ്പെടുത്തിയിരുന്നില്ല. ഇപ്പോൾ അതുകൂടി ഉൾപ്പെടുത്തിയാണ് വിഞ്ജാപനം പുറപ്പെടുവിച്ചത്. സ്ഥലം ഏറ്റെടുപ്പ് നടപടികൾ പൂർത്തിയായാലുടൻ ടെണ്ടർ നടപടിയിലേക്ക് കടക്കും. .
വിലങ്ങുതടിയായി പുറമ്പോക്ക്
ചില സർവേ നമ്പരുകളിലുള്ള സ്ഥലം സർക്കാർ വക പുറമ്പോക്കായാണ് റീസർവേയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, ഈ ഭൂമിക്ക് കരം അടക്കുന്നതായി ചില വ്യക്തികൾ രേഖകൾ ഹാജരാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ, ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ മുഴുവൻ ഉടമകളുടെയും യോഗം രണ്ട് തവണ കൂടി. എല്ലാ പരാതികളും പരിഹരിച്ചതിന് ശേഷമേ സ്ഥലം ഏറ്റെടുപ്പ് ആരംഭിക്കുകയുള്ളൂ.
'എല്ലാ തടസങ്ങളും നീക്കി നടപടികൾ പൂർത്തിയാക്കിയ ശേഷമായിരിക്കും നിർമ്മാണ ജോലികൾ ആരംഭിക്കക. പുതിയ എസ്റ്റിമേറ്റ് അനുസരിച്ച് 64കോടിയാണ് അനുവദിച്ചിട്ടുള്ളത്
- പി.പി.ചിത്തരഞ്ജൻ എം.എൽ.എ
എസ്റ്റിമേറ്റ് തുക (രൂപയിൽ)
അടങ്കൽ തുക : 64കോടി
പാലം നിർമ്മാണത്തിന് : 56കോടി
സ്ഥലം ഏറ്റെടുക്കുന്നതിന് : 8കോടി