ആലപ്പുഴ: നഗരത്തിൽ ഗതാഗത പരിഷ്കരണം നടപ്പാക്കി​യതി​ലെ കല്ലുകടി മൂലം ഇന്നലെയും സ്വകാര്യ ബസ് തൊഴിലാളികൾ മിന്നൽ പണിമുടക്ക് നടത്തി. രാവിലെ 11.30ന് കളർകോട് സ്റ്റോപ്പി​ൽ നി​ന്ന് മാറ്റി നിറുത്തിയ ബസ് ഡ്രൈവറോട് വെഹിക്കിൾ ഇൻസ്പെക്ടർ ലൈസൻസ് ചോദിച്ചതിൽ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്.

ചങ്ങനാശേരി ജംഗ്ഷനിൽ നി​ന്ന് തെക്കോട്ടുള്ള ബസുകൾക്ക് എസ്.ഡി കോളേജിനു മുന്നിലുള്ള സ്റ്റോപ്പ്, ജംഗ്ഷനിൽ നിന്ന് അകലെ ആയതി​നാൽ ഫെഡറൽ ബാങ്കിനു സമീപത്തേക്ക് മാറ്റിയിരുന്നു. ഇത് സ്വകാര്യ ബസുകാർ അംഗീകരി​ക്കുന്നി​ല്ല. സർവീസ് നടത്തണമെന്ന് ഉടമകൾ ആവശ്യപ്പെട്ടതിനെ തുടർന്ന് വൈകിട്ട് നാലി​നു ശേഷം ഏതാനും ബസുകൾ നി​രത്തി​ലി​റങ്ങി​.