ആലപ്പുഴ: കൊവിഡ് കാരണം നഷ്ടപ്പെട്ട രണ്ട് വർഷമാണ് ആഘോഷങ്ങളിലൂടെ തിരിച്ചു പിടിക്കുന്നതെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. ആലപ്പുഴ ബീച്ച് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാടെങ്ങും വലിയ പ്രതീക്ഷയോടെയാണ് 2023നെ വരവേൽക്കുന്നത്. ആഘോഷങ്ങൾ പകരുന്ന ഊർജത്തിലാകണം പുതു വർഷത്തിലേക്ക് കടക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. പി.പി. ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷനായി. എ.എം.ആരിഫ് എം.പി, എച്ച്.സലാം എം.എൽ.എ എന്നിവർ മുഖാതിഥികളായി. കളക്ടർ വി.ആർ. കൃഷ്ണതേജ, നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ്, വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, കൗൺസിലർ റീഗോ രാജു, ഡി.ടി.പി.സി സെക്രട്ടറി ലിജോ എബ്രഹാം എന്നിവർ പങ്കെടുത്തു. പുതുവർഷത്തോടനുബന്ധിച്ച് ആലപ്പുഴ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജില്ല ഭരണകൂടത്തിന്റെയും ആലപ്പുഴ നഗരസഭയുടെയും സഹകരണത്തോടെയാണ് 31 വരെ ഫെസ്റ്റ് നടത്തുന്നത്. ഗാനമേള, മിമിക്‌സ്, മെഗാഷോ, കലാ സാംസ്‌കാരിക പരിപാടികൾ, ഫ്യൂഷൻ ചെണ്ടമേളം, നാടൻ പാട്ട് തുടങ്ങി വൈവിദ്ധ്യമാർന്ന പരിപാടികൾ ഫെസ്റ്റിന്റെ ഭാഗമായി ആലപ്പുഴ കടപ്പുറത്ത് അരങ്ങേറും.
# ബീച്ച് ഫെസ്റ്റിൽ ഇന്ന്
വൈകിട്ട് 6 മുതൽ ബ്ലാക്ക് പേൾസ് അവതരിപ്പിക്കുന്ന നാടൻ പാട്ടരങ്ങ്
7 മുതൽ മാതാ പേരാമ്പ്രയുടെ മലയാള കാവ്യകലാ ദൃശ്യ വിസ്മയം സർഗ്ഗകേരളം