ambala
തോമസ് കുട്ടി

അമ്പലപ്പുഴ: വാഹന പരിശോധനയ്ക്കിടെ പൊലീസിനു നേരെ വടിവാൾ വീശിയ കേസിലെ രണ്ടാം പ്രതിയും അറസ്റ്റിൽ. പുന്നപ്ര വടക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ വടക്കേയറ്റത്ത് വീട്ടിൽ തോമസ് കുട്ടിയാണ് (മൈബു-30) പുന്നപ്ര പൊലീസിന്റെ പിടിയിലായത്. ഒന്നാം പ്രതി വിച്ചുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം. പറവൂർ ഷാപ്പുമുക്കിന് പടിഞ്ഞാറ് റെയിൽവെ ട്രാക്കിനു സമീപം അർദ്ധരാത്രിയോടെ വാഹന പരിശോധനയ്ക്കിടെ തോമസ് കുട്ടിയും പൊലീസ് പിടിയിലായ വിച്ചുവും കൂടി സ്കൂട്ടറിൽ അവിടെ എത്തിയിരുന്നു.പൊലീസ് സ്കൂട്ടർ തടഞ്ഞപ്പോൾ പിന്നിലിരുന്ന വിച്ചു പൊലീസിനു നേരെ വടിവാൾ വീശി. ഇയാളെ പിടികൂടുന്നതിനിടെ തോമസ് കുട്ടി സ്കൂട്ടറുമായി കടന്നു. വിച്ചുവിന്റെ പക്കൽ നിന്നു 650 ഗ്രാം എം.ഡി.എം. എ യും പിടികൂടിയിരുന്നു. ഇയാൾ റിമാൻഡിലാണ്. തുടർന്ന് ഒളിവിൽ പോയ തോമസ് കുട്ടിക്കായി പൊലീസ് തെരച്ചിൽ നടത്തുന്നതിനിടെ ചൊവ്വാഴ്ച രാത്രി പറവൂർ ഭാഗത്തു നിന്നു പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പുന്നപ്ര സ്റ്റേഷനിലും ആലപ്പുഴ നോർത്ത് സ്റ്റേഷനിലും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. എസ്.ഐ സുരേഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സേവ്യർ, രാജേഷ് കുമാർ, ടോണി, ബിനോയി, രാജീവ്, ദിനു വർഗീസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.