k
അമ്പലപ്പുഴ താലൂക്കിലെ കെ - സ്റ്റോർ കെട്ടിടം

# പദ്ധതി ആവിഷ്കാരം തുടക്കത്തിലേ പാളി

ആലപ്പുഴ: ഭക്ഷ്യധാന്യങ്ങൾക്കൊപ്പം ചെറിയ തോതിലുള്ള ബാങ്കിംഗ് ഇടപാടും അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്ങളും ലഭ്യമാക്കി റേഷൻ കടകളെ 'ഹൈ ടെക്' ആക്കാൻ ആവിഷ്കരിച്ച കെ - സ്റ്റോർ പദ്ധതി കീറിയ ചാക്കുപോലെയായി. ജില്ലയിൽ വിവിധ താലൂക്കുകളിലായി അഞ്ച് കെ - സ്റ്റോറുകൾ മാസങ്ങൾക്കു മുമ്പേ തയ്യാറായെങ്കിലും ഇവിടേക്കുള്ള സാധനങ്ങളും സേവനങ്ങളും സർക്കാർ അനുവദിച്ചിട്ടില്ല.

30,000 മുതൽ ഒന്നര ലക്ഷം രൂപ വരെ സ്വന്തം നിലയിൽ ചെലവിട്ടാണ് റേഷൻ വ്യാപാരികൾ കമ്പ്യൂട്ടർ സൗകര്യമടക്കമുള്ള കെട്ടിടം ഒരുക്കിയിയത്. കഴിഞ്ഞ ആഗസ്റ്റിൽ കെ - സ്റ്റോറുകൾ ആരംഭിക്കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. പിന്നീട് നവംബറിലേക്ക് മാറ്റിയെങ്കിലും അതും നടന്നില്ല. ഇതോടെ പെയിന്റടിച്ച് കെ - സ്റ്റോർ മാതൃകയാക്കിയ കടകളുടെ കാത്തിരിപ്പ് നീളുകയാണ്. സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കെ - സ്റ്റോർ പ്രഖ്യാപിച്ചത്. തുടക്കത്തിൽ ജില്ലയിലെ 53 കടകളെ പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ആഞ്ചിലേക്ക് ചുരുക്കി. 14 ജില്ലകളിലും 5 വീതം കെ - സ്റ്റോറുകൾ തുടങ്ങാനാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്.

# പ്രതിസന്ധി

കെ - സ്റ്റോറുകൾ വഴി നൽകേണ്ട സാധന, സേവനങ്ങൾ എന്തെല്ലാമെന്ന് അന്തിമ തീരുമാനമാകാത്തതാണ് ഉദ്ഘാടനം നീണ്ടുപോകാൻ കാരണമെന്ന് സൂചനയുണ്ട്. സപ്ലൈകോ വഴി നൽകുന്ന സബ്സിഡി സാധനങ്ങൾ കെ - സ്റ്റോറിൽ നിന്ന് ഒഴിവാക്കാനും ആലോചനയുണ്ട്.

# ജില്ലയിലെ 5 കെ സ്റ്റോറുകൾ (താലൂക്കുകൾ)

ചേർത്തല, അമ്പലപ്പുഴ, കുട്ടനാട്, മാവേലിക്കര, കാർത്തികപ്പള്ളി

# പ്രഖ്യാപിച്ചിരുന്ന സേവനങ്ങൾ

മിനി ബാങ്കിംഗ്: 5000 രൂപ വരെ പിൻവലിക്കാം

അക്ഷയകേന്ദ്രം: ബില്ലടയ്ക്കാം, ഓൺലൈൻ അപേക്ഷ

മാവേലി സ്റ്റോർ: നിത്യോപയോഗ സാധനങ്ങൾ

മിനി ഗ്യാസ് ഏജൻസി: 5 കിലോ ചോട്ടു ഗ്യാസ്

മിൽമാ ബൂത്ത്: പാൽ, പാലുത്പന്നങ്ങൾ

റേഷൻ കടകളിൽ കെ - സ്റ്റോർ പദ്ധതി നടപ്പിലാക്കാനുള്ള കാലതാമസം ഒഴിവാക്കുകയും മുഴുവൻ കടകളിലും പദ്ധതി അടിയന്തിരമായി നടപ്പാക്കുകയും വേണം

എൻ.ഷിജീർ, സംസ്ഥാന സെക്രട്ടറി, കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ